ഇരുമ്പനം ഐഒസിയില്‍ ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും പണിമുടക്ക്
|തെക്കന്‍ കേരളത്തിലെ ഇന്ധനവിതരണം തടസപ്പെടും.
കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും വീണ്ടും പണിമുടക്ക് ആരംഭിച്ചു. ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
പ്രശ്നം പരിഹരിക്കാന്‍ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമനിക്കുകയായിരുന്നു. ഇതോടെ തെക്കന്‍ കേരളത്തിലെ ഇന്ധനവിതരണം തടസപ്പെടും.
ട്രക്കുകളുടെ ടെണ്ടര്‍ വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്തില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്ക് നാല് ദിവസം കഴിഞ്ഞതോടെ പ്രശ്നം പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും പണിമുടക്ക് നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്ക് പ്രശ്നം പരിഹരിക്കുന്നത് വരെ അനിശ്ചിതകാലത്തേക്ക് നടത്താനാണ് തീരുമാനം. ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.
പണിമുടക്ക് വീണ്ടും ആരംഭിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തിലെ ഇന്ധന നീക്കം ഇന്ന് മുതല്‍ പൂര്‍ണ്ണമായും തടസപ്പെടും. ഐഒസിയുടെ കരാര്‍ ലഭിക്കാന്‍ ആവശ്യമായ ട്രക്കുകളുടെ പത്ത് ശതമാനം വേണമെന്നാണ് ടെണ്ടര്‍ വ്യവസ്ഥയില്‍ പറയുന്നത്. അതായത് ഐഒസിക്ക് ആവശ്യമായ 550 ട്രക്കുകള്‍ക്കായുള്ള ടെണ്ടറില്‍ പങ്കെടുക്കാന്‍ 55 ട്രക്കുകള്‍ എങ്കിലും ഒരാള്‍ക്ക് വേണം. വന്‍കിടക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ആരോപിക്കുന്നത്. കൂടാതെ ട്രക്കളുടെ അറകളില്‍ യാതൊരു സുരക്ഷയും ഇല്ലാതെ സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്.