ക്ഷേത്രങ്ങള്‍ക്കടുത്ത് നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ല; കോഴിക്കോട് ഹിന്ദുഐക്യവേദിയുടെ പോസ്റ്റര്‍
|കോഴിക്കോട് പാളയത്ത് തളി റോഡിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
ക്ഷേത്രത്തിന് സമീപം മത്സ്യ-മാംസാഹാരങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ അനുവദിക്കില്ലെന്ന പോസ്റ്ററുമായി ഹിന്ദു ഐക്യവേദി. കോഴിക്കോടാണ് ഹിന്ദു ഐക്യവേദിയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് പാളയത്ത് തളി റോഡിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര സമുച്ചയത്തിന് നടുവില്‍ നോണ്‍- വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്. കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണപതി-ബാലസുബ്രഹ്മണ്യക്ഷേത്രം, രേണുക മാരിയമ്മന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് നടുവില്‍ ആര്‍ക്ക് വേണ്ടി ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ എന്നും പോസ്റ്ററില്‍ ഹിന്ദു ഐക്യവേദി ചോദിക്കുന്നു.
കോഴിക്കോട്ടെ ക്ഷേത്രങ്ങള്‍ക്കെല്ലാം പൂജാദ്രവ്യങ്ങള്‍ നല്കുന്ന വ്യാപാര സ്ഥാപനങ്ങളെയും പൂജാ ദ്രവ്യങ്ങള്‍ വാങ്ങുന്ന ക്ഷേത്രങ്ങളെയും അശുദ്ധമാക്കുന്ന ഈ ഹോട്ടലിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുകയെന്നും പോസ്റ്റര്‍ പറയുന്നു.
ക്ഷേത്ര കമ്മറ്റികളുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് എല്ലാ ഭക്തജനങ്ങളുടെയും സഹകരണവും പോസ്റ്ററിലൂടെ ഹിന്ദു ഐക്യവേദി തേടുന്നുണ്ട്.