Kerala
ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ കേരളം എങ്ങനെ മാപ്പു പറയും: സംവിധായകന്‍ വൈശാഖ്ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ കേരളം എങ്ങനെ മാപ്പു പറയും: സംവിധായകന്‍ വൈശാഖ്
Kerala

ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ കേരളം എങ്ങനെ മാപ്പു പറയും: സംവിധായകന്‍ വൈശാഖ്

Jaisy
|
24 March 2018 8:05 PM GMT

നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നൽകണം

നടിയെ ആക്രിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വൈശാഖ്. തനിക്കറിയാവുന്ന ദിലീപിന് ഇതൊന്നും ചെയ്യാനാവില്ലെന്നും നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം താരത്തിന് നല്‍കണമെന്നും വൈശാഖ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമിക്കപ്പെട്ട സഹോദരിയുടെ ഭാഗത്ത് തന്നെയാണ് താനെന്നും നീതി അവളുടെ അവകാശമാണെന്നും വൈശാഖ് കുറിച്ചു.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വർഷങ്ങൾക്കു മുന്‍പ് ,
ഒരുപാട് സ്വപ്നങ്ങളും ,ഏറെ പരിഭ്രമവുമായി
'കൊച്ചിരാജാവ്‌ 'എന്ന സിനിമയിൽ ഒരു സംവിധാന സഹായിയായി എത്തിയ കാലം ...
മനസ്സ് നിറയെ ആദ്യമായി സിനിമയിൽ എത്തിപ്പെട്ടതിന്റെ വിറയൽ ആയിരുന്നു .
സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ ഒരു കരുതലായി എന്റെ തോളിൽ സ്പർശിച്ചു ...
നായകന്റെ കരങ്ങൾ ...
ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാൻ പരിചയപ്പെട്ട ദിവസങ്ങൾ ...
സ്നേഹിക്കുന്നവരെ ഹൃദയത്തോട്
ചേർത്ത് പിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വശ്യമായിരുന്നു ...

പിന്നീടൊരിക്കൽ 20-20 തുടങ്ങും മുൻപ് ,
ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടൻ പറഞ്ഞു " എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിർത്തിയാൽ നന്നായിരുന്നു ".
ദിലീപേട്ടൻ എന്നും എനിക്ക് അത്‌ഭുതമായിരുന്നു ...
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ ...

ഒരിക്കൽ ,
സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട് , 20-20 യിൽ ഒരബദ്ധം സംഭവിച്ചു .
'എന്റെ തെറ്റല്ലെന്ന് 'പിടിച്ചുനിൽക്കാൻ ഞാൻ കളവു പറഞ്ഞു .
അന്ന് ദിലീപേട്ടൻ എന്നെ ഉപദേശിച്ചു ,
" സിനിമ നമുക്ക് ചോറ് മാത്രമല്ല ,
ഈശ്വരനുമാണ് . തെറ്റുകൾ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും .
പക്ഷെ തൊഴിലിൽ കള്ളം പറയരുത് .
അത് പൊറുക്കപ്പെടില്ല ."

പിന്നീട് ഞാൻ സംവിധായകനായി .
ദിലീപേട്ടൻ നായകനായ ചിത്രവും ഞാൻ സംവിധാനം ചെയ്തു . സിനിമയിൽ എത്തിയ ശേഷം എന്നെ ഏറ്റവും നടുക്കിയ വാർത്തയായിരുന്നു ,
എന്റെ സുഹൃത്തും സഹപ്രവർത്തകയുമായ നടിക്കെതിരെ നടന്ന പൈശാചികമായ ആക്രമണം . ആ സംഭവത്തെക്കുറിച്ചു കേട്ട
ഓരോ വിശദാംശങ്ങളും മനസ്സിൽ വല്ലാത്ത നീറ്റലായിരുന്നു . ഞാൻ സഹസംവിധായകനായിരുന്ന കാലത്തു തന്നെ ഞങ്ങൾ ഒരുമിച്ചു ജോലി
ചെയ്തിട്ടുള്ളതാണ് .അന്ന് മുതൽ ഊഷ്മളമായ ഒരു സൗഹൃദം സൂക്ഷിക്കാൻ
ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . ദാരുണമായ ആ സംഭവത്തിന് ശേഷം ,
വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു ...
ഏറെനേരം ഞങ്ങൾ സംസാരിച്ചു .
എന്റെ തണുത്ത കൈ പിടിച്ചു അവൾ ചിരിച്ചപ്പോൾ ,
അവളുടെ കണ്ണിൽ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു .
അവൾക്കു നീതി കിട്ടും ...കിട്ടണം .
അത് എന്റെ പ്രാർത്ഥനയായിരുന്നു ...

പക്ഷെ ,
അവൾ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ
ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി
ദിലീപേട്ടൻ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ...
ഭൂമി പിളർന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സിൽ ..
കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ ...
മരണം നടന്ന വീട് പോലെ മനസ്സ് ദുർബലമായി ...
ക്ഷീണിതമായി .. എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാൻ കഴിയില്ല ...
സ്വന്തം മകളെക്കുറിച്ചു പറയുമ്പോൾ ,
അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും
കരുതലും ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ് ...
സഹോദരിയെയും ,അമ്മയെയും അദ്ദേഹം എത്രത്തോളം സ്നേഹിക്കുന്നു എന്ന്
എനിക്കറിയാവുന്നതാണ് ...
എന്റെ മകളുടെ ശിരസ്സിൽ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം
ഒട്ടും കളവായിരുന്നില്ല ...
എല്ലാത്തിലുമുപരി ദിലീപേട്ടൻ ഒരു കലാകാരനാണ് ...

ഇങ്ങനെയൊന്നും ചെയ്യാൻ ,ചെയ്യിപ്പിക്കാൻ ദിലീപേട്ടന് കഴിയില്ല ...
സത്യം പുറത്തു വരണം ...
നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നൽകണം ...
ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു ...
അന്തിമ വിധി വരുന്നത് വരെ ,
ഇപ്പോൾ കാണിക്കുന്ന ഈ ആക്രമണകളിൽ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ ???
മനസ്സിൽ തൊട്ടു പറയുന്നു ,
ഞാൻ
ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ
പക്ഷത്തു തന്നെയാണ് ...
നീതി അത് അവളുടെ അവകാശമാണ് ...
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം ...
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപേട്ടനും
ശിക്ഷക്ക് അർഹനാണ് ...

പക്ഷേ ,
ദിലീപേട്ടൻ നിരപരാധി ആണെങ്കിൽ
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങൾക്കും
കേരളം എങ്ങനെ മാപ്പു പറയും ...!!!???

ദിലീപേട്ടാ ...
നിങ്ങളുടെ നിരപരാധിത്വം ലോകത്തെ
ബോധ്യപ്പെടുത്താനുള്ള ബാധ്യത
നിർഭാഗ്യവശാൽ ഇപ്പോൾ നിങ്ങളുടേത്
മാത്രമായിപ്പോയിരിക്കുന്നു ...
എന്റെ പ്രാർത്ഥന ....
അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ ...

സ്നേഹപൂർവ്വം ....വൈശാഖ് .

Related Tags :
Similar Posts