Kerala
മൂന്നാറിലെ ഭൂപ്രശ്നം: ഇടുക്കിയില്‍ സിപിഎം - സിപിഐ നേതൃത്വം തുറന്ന പോരില്‍മൂന്നാറിലെ ഭൂപ്രശ്നം: ഇടുക്കിയില്‍ സിപിഎം - സിപിഐ നേതൃത്വം തുറന്ന പോരില്‍
Kerala

മൂന്നാറിലെ ഭൂപ്രശ്നം: ഇടുക്കിയില്‍ സിപിഎം - സിപിഐ നേതൃത്വം തുറന്ന പോരില്‍

Sithara
|
24 March 2018 7:57 AM GMT

മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ നടപടി തുടരുന്ന സബ് കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. സബ് കലക്ടറെ നിയമിച്ചത് സര്‍ക്കാരാണെന്ന് സിപിഐ

മൂന്നാറിലെ ഭൂമിയുടെ പട്ടയപ്രശ്നങ്ങളില്‍ തുറന്ന പോരുമായി ഇടുക്കി ജില്ലയിലെ സിപിഎം - സിപിഐ നേതൃത്വം. മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ നടപടി തുടരുന്ന സബ് കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. മൂന്നാര്‍ സംരക്ഷണസമിതി മൂന്നാറില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ സബ് കലക്ടറെ നിയമിച്ചത് സര്‍ക്കാരാണെന്നും ഹര്‍ത്താലിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും സിപിഐ തിരിച്ചടിച്ചു.

ഇടുക്കിയിലെ ഭൂമിവിഷയങ്ങളില്‍ റവന്യൂ വനം വകുപ്പുകള്‍ ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മൂന്നാര്‍ സംരക്ഷണസമിതി 21ന് മൂന്നാറില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും സബ് കലക്ടര്‍ പുറത്തുനിന്നുള്ളവരുടെ ഇംഗിതത്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും ദേവകുളം എംഎല്‍‍എ എസ് രാജേന്ദ്രന്‍ വിമര്‍ശിച്ചു. സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ കോപ്പിയടിച്ചാണ് ഐഎഎസ് പാസായതെന്നും മൂന്നാര്‍ മേഖലയിലെ ഭൂമി പ്രശ്നങ്ങള്‍ സബ് കലക്ടര്‍ കൂടുതല്‍ വഷളാക്കുകയാണെന്നും രാജേന്ദ്രന്‍ എംഎല്‍എ ആരോപിച്ചു.

എന്നാല്‍ പട്ടയ വിഷയങ്ങളില്‍ ഉള്‍പ്പെടെ മികച്ച നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ഇപ്പോള്‍‌ ഹര്‍ത്താലിന്‍റെ ആവശ്യമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ തിരിച്ചടിച്ചു. സബ് കലക്ടറെ നിയമിച്ചത് സര്‍ക്കാരാണെന്നും വിമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉറപ്പോടെയാകണമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

ജോയ്സ് ജോര്‍ജ്ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയാണ് ജില്ലയിലെ സിപിഎമ്മിനെ ചൊടിപ്പിച്ചത്. മൂന്നാര്‍ സംരക്ഷണസമിതി വിവിധ പാര്‍ട്ടികളെയും ജനപ്രതിനിധികളെയും വ്യാപാരികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎമ്മിന്‍റെ ഏരിയ സെക്രട്ടറി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. പുതിയ നിര്‍മ്മാണം നടന്നാല്‍ അത് അനധികൃതമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കാവൂയെന്ന സബ് കലക്ടറുടെ ഉത്തരവും സിപിഎമ്മിനെ ചൊടിപ്പിച്ചതിന് കാരണമായി.

Similar Posts