Kerala
Kerala

കോഴ ആരോപണം: എംടി രമേശ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും

admin
|
25 March 2018 11:06 AM GMT

തന്നെ തേജോവധം ചെയ്യാനുളള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. അടിസ്ഥാന രഹിതമായ പ്രചാരണമാണിതെന്നും എം ടി രമേശ് അമിത്ഷാക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നു

ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളില്‍ എംടി രമേശ് ഉള്‍പ്പെടെയുളള നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും. തന്നെ തേജോവധം ചെയ്യാനുളള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന് കാട്ടി എം ടി രമേശ് ദേശീയ പ്രസിഡന്‍റ് അമിത്ഷാക്ക് കത്ത് നല്‍കി. സംസ്ഥാന നേതാക്കളുടേതായി‍ കൂടുതല്‍ പരാതികള്‍ കേന്ദ്രത്തിന് മുന്നിലെത്തിയെന്നാണ് സൂചന.

നിലവിലെ ആരോപണങ്ങളില്‍ സ്വന്തം ഭാഗം ന്യായീകരിച്ചും എതിര്‍ചേരിയെ പ്രതിഭാഗത്തു നിര്‍ത്തിയുമാണ് നേതാക്കള്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്. സംസ്ഥാന നേതൃത്വത്തെ പ്രതിഭാഗത്തു നിര്‍ത്തുന്ന നിരവധി പരാതികള്‍ ഇതിനോടകം കേന്ദ്രത്തിനു മുന്നിലെത്തിയാതാണ് സൂചന. അതിനിടെ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് കാട്ടി എം ടി രമേശ് അമിത്ഷാക്ക് കത്തുനല്‍കി. തന്നെ തേജോവധം ചെയ്യാനുളള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. അടിസ്ഥാന രഹിതമായ പ്രചാരണമാണിതെന്നും എം ടി രമേശ് അമിത്ഷാക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നു. അതേസമയം നിലവില്‍ സംസ്ഥാനത്തു നിന്ന് ലഭിച്ച പരാതികളില്‍ ദേശീയ നേതൃത്വം നേരിട്ടായിരിക്കും അന്വേഷണം നടത്തുക.

ഇതിനായി കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെത്തിയേക്കും. നാളെ ചേരുന്ന നിര്‍ണായക നേതൃയോഗത്തിലും കേന്ദ്രനേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന ഘടകത്തെ ആര്‍ എസ് എസ് നേതൃത്വം പൂര്‍ണമായും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്രം കൈക്കൊളളുന്ന നടപടികള്‍ക്ക് ആര്‍ എസ് എസ് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts