പുഴകളിലും തടാകങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷക്ക് നിയമം വരുന്നു
|നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
പുഴകളിലും തടാകങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ട് വരാന്‍ മന്ത്രിസഭ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ശബരിമല വിമാനത്താവളത്തിന്റെ സാധ്യത പഠനത്തിനായി കണ്‍സള്‍ട്ടന്റിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
പുഴകളിലും തടാകങ്ങളിലും മാലിന്യം തള്ളിയാല്‍ നിലവിലുള്ള നിയമ പ്രകാരം പതിനായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ പിഴയും, ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ഇതില്‍ മാറ്റം വരുത്തി, പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള നിയമദേദഗിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ വിധിക്കുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.
മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്. നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സാങ്കേതികസാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒമ്പതു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ പദ്ധതിക്കാവശ്യമായ അനുമതി വിവിധ വകുപ്പുകളില്‍നിന്നും നേടിയെടുക്കാനുള്ള ചുമതലയും കണ്‍സള്‍ട്ടന്റിനായിരിക്കും.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്കാന് മന്ത്രിസഭ തീരൂമാനിച്ചു.