സാമുദായിക മാനേജ്മെന്റുകള്‍ക്ക് എയ്ഡഡ് കോളേജുകള്‍; ആള്‍ദൈവ ട്രസ്റ്റിന്റെ കോളേജിനും അംഗീകാരം
|ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി 5 എയ്ഡഡ് കോളേജുകള്‍ക്കാണ് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്
സാമുദായിക മാനേജ്മെന്റുകള്‍ക്കും ആള്‍ദൈവ ട്രസ്റ്റിനും ഇടതുസര്‍ക്കാരിന്റെ വക എയ്ഡഡ് കോളേജ്. ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി 5 എയ്ഡഡ് കോളേജുകള്‍ക്കാണ് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ 4 കോളജ് ഹിന്ദു മാനേജ്മെന്റുകള്‍ക്കും ഒരെണ്ണം ക്രിസ്ത്യന്‍ മാനേജ്മെന്റിനുമാണ്. സാമുദായികാടിസ്ഥാനത്തില്‍ കോളജുകള്‍ അനുവദിച്ചതിന്റെ പേരില്‍ യു ഡി എഫിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തി മുന്നണിയാണ് അധികാരത്തിലെത്തി ഒന്നര വര്‍ഷം തികയും മുന്‍പ് 5 കോളജുകള്‍ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് എയ്ഡഡ് കോളജുകള്‍ക്കാണ് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തോന്നക്കല്‍ ശ്രീ സത്യസായി. കിളിമാനൂരില്‍ ശ്രീ ശങ്കര കോളേജ്, മുളയറയില്‍ ബിഷപ്പ് യേശുദാസന് സി.എസ്.ഐ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്. ആള്‍ദൈവ ട്രസ്റ്റായ സത്യസായി ഓര്‍ഫനേജിന് കീഴിലാണ് സത്യസായി കോളജ് അനുവദിച്ചത്. പെരുമ്പാവൂര്‍ ശ്രീശങ്കര ട്രസ്റ്റിന് കീഴിലുള്ളതാണ് ശ്രീശങ്കര കോളേജ്. പാലക്കാടും പെരുമ്പാവൂരും എയ്ഡഡ് കോളജുകളും മറ്റു സ്വാശ്രയ കോളേജുകളുമുള്ള ട്രസ്റ്റാണിത്. സിഎസ്ഐ സഭക്ക് തിരുവനന്തപുരത്ത് തന്നെ മറ്റൊരു എയ്ഡഡ് കോളജുണ്ട്. അംബേദ്കര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് കഴീലുള്ള ബെജാ മോഡല്‍ കോളേജ് സ്ഥിതി ചെയ്യുന്നത് കാസര്‍കോടാണ്.
ആദിവാസികളില്‍പ്പെട്ട മലയരയ മഹാസഭക്ക് മുണ്ടക്കയം മുരുക്കുംവയലില് ശബരി കോളേജ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 5 നും ഒക്ടോബര്‍ 11 ഉം നന്ന മന്ത്രിസഭാ യോഗത്തിലാണ് കോളേജുകള്‍ക്ക് അനുമതി നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നടപടികള്‍ പൂര്ത്തിയായവയക്ക് അംഗീകാരം നല്‍കുകയാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. അതേ സമയം ആ സമയത്ത് അപേക്ഷിച്ചവയില്‍ പല കോളേജുകള്‍ക്കും അനുമതി നല്‍കിയിട്ടുമില്ല. സാമുദായിക മാനേജ്മെന്റുകള്‍ക്ക് കോളേജുകള്‍ അനുവദിച്ചെന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശം ഉയര്‍ത്തിയ എല്‍ഡിഎഫ് അതേ കാര്യം ചെയ്യുന്നതിലെ വൈരുധ്യമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.