സിപിഎം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം 22ന് തുടങ്ങും
|22ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ടാണ് പൊതുസമ്മേളനം
സിപിഎം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. 22ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ടാണ് പൊതുസമ്മേളനം. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരാനാണ് സാധ്യത.
37 വര്‍ഷത്തിന് ശേഷം തൃശൂരിലെത്തുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച രാവിലെ വി എസ് അച്യുതാനന്ദന് പതാക ഉയര്‍ത്തുന്നതോടെയാണ് തുടക്കമാകുക. റീജണല്‍ തിയേറ്ററില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തില്‍ 566 പ്രതിനിധികള്‍ പങ്കെടുക്കും. വിഭാഗീയത അവസാനിപ്പിച്ചതിന് ശേഷമുള്ള സംസ്ഥാന സമ്മേളനമായതിനാല്‍ ചര്‍ച്ചകള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചാകും.
ഭരണത്തിലെ പ്രശ്നങ്ങളും പോരായ്മകളും പല ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശത്തിനിടയാക്കിയിരുന്നു. മന്ത്രിമാരുടെ പ്രകടനത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നേക്കും. സിപിഐക്കെതിരെയും കടുത്ത വിമര്‍ശമുയരാന്‍ സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ സിപിഐക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവുമധികം എതിര്‍ത്തിരുന്നത് കേരള ഘടകമായിരുന്നു. ഇത് സംബന്ധിച്ചും പ്രതിനിധി സമ്മേളനത്തില്‍ ചര്ച്ചകളുണ്ടാകാനിടയുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും വിമര്‍ശന വിഷയമായേക്കും. 25ന് വൈകീട്ട് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.