അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്ന ത്രിവേണികള്‍
|ആലപ്പുഴ ജില്ലയിലെ മൂന്ന് ഫ്ളോട്ടിംഗ് ത്രിവേണികള്‍ വെള്ളത്തിലായിട്ട് മാസങ്ങളായി. ഇത് കൂടാതെ മൂന്ന് മൊബൈല്‍ ത്രിവേണികളും നാളുകളായ് കട്ടപ്പുറത്താണ്...
കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ ജില്ലയിലെ മൂന്ന് ഫ്ളോട്ടിംഗ് ത്രിവേണികള്‍ വെള്ളത്തിലായിട്ട് മാസങ്ങളായി. ഇത് കൂടാതെ മൂന്ന് മൊബൈല്‍ ത്രിവേണികളും നാളുകളായ് കട്ടപ്പുറത്താണ്. കണ്‍സ്യൂമര്‍ഫെഡിന് കോടികളുടെ നഷ്ടമുണ്ടായിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്.
കരുവാറ്റ എസ്എന്‍ കടവില്‍ കെട്ടിയിട്ടിരുന്ന ഈ കാണുന്ന ഫോട്ടിംഗ് ത്രിവേണി മുങ്ങിത്താണിട്ട് അതിനുണ്ടായിരുന്ന സാധനങ്ങള്‍ പോലും നീക്കംചെയ്തില്ല. ബോട്ട് ഏതാണ്ട് പൂര്‍ണമായും മുങ്ങി നശിച്ച അവസ്ഥയിലാണ്. ഇതിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. മറ്റ് രണ്ട് ഫ്ളോട്ടിംഗ് ത്രിവേണികളില്‍ ഒന്ന് തോട്ടപ്പള്ളിയിലും മറ്റൊന്ന് കുപ്പപ്പുറത്തും നശിച്ച കിടക്കുന്നു. ഇതില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ നശിക്കുമ്പോഴും ഇടപെടല്‍ ഉണ്ടാവുന്നില്ല. മൂന്ന് ബോട്ടിനും കൂടി ഒന്നരക്കോടി രൂപയിലധികം ചെലവഴിച്ചതാണ്.
ജില്ലയില്‍ ഒരു മണ്ഡലത്തില്‍ ഒന്നെന്ന തരത്തില്‍ ഒന്‍പത് മൊബൈല്‍ ത്രിവേണികളാണ് തുടങ്ങിയത്. ഇതില്‍ അമ്പലപ്പുഴയിലെ വണ്ടിയുടെ ആര്‍സി ബുക്ക് നഷ്ടമായി, അറ്റകുറ്റപ്പണികള്‍ക്കായി വന്‍ തുക വേണ്ടിവരുമെന്നതിനാല്‍ ചെങ്ങന്നൂരിലേത് നിലച്ചു, ഹരിപ്പാട്ടേത് റോഡപകടത്തില്‍പെട്ട് കട്ടപ്പുറത്തായ്. സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഇത്തരം പദ്ധതികള്‍ തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.