കെ ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ തേടി വിജിലന്‍സ് ബാങ്കുകള്‍ക്ക് കത്തയച്ചു
|കെ ബാബുവിനോ ഭാര്യയ്ക്കോ മക്കള്‍ക്കോ മറ്റ് രഹസ്യ അക്കൌണ്ടുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിജിലന്‍സ് നടപടി
മുന്‍ മന്ത്രി കെ ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും അക്കൌണ്ട് വിവരങ്ങള്‍ തേടി വിജിലന്‍സ് ബാങ്ക് മേധാവികള്‍ക്ക് കത്തയച്ചു. ഇവരുടെ പേരില്‍ രഹസ്യ അക്കൌണ്ട് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് വിജിലന്‍സിന്റെ നീക്കം. ഭൂമി വിവരങ്ങള്‍ തേടി രജിസ്ട്രേഷന് വകുപ്പ് ഐജിക്കും വിജിലന്‍സ് കത്തയച്ചിട്ടുണ്ട്.
കോഴ ആരോപണം ഉയര്‍ന്നുവന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ ബാങ്കിലെ പണം മറ്റേതെങ്കിലും അക്കൌണ്ടിലേക്കോ രഹസ്യ അക്കൌണ്ടിലേക്കോ മാറ്റിയോ എന്നറിയാനാണ് വിജിലന്‍സ് ബാങ്ക്മേധാവികള്ക്ക് കത്തയച്ചത്. കെ ബാബു, ഭാര്യ ഗീത, മക്കളായ ഐശ്വര്യ, ആതിര ഇവരുടെ ഭര്ത്താക്കന്മാര്, ബാബുവിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം, മോഹനന് എന്നിവരുടെ വിവരങ്ങളാണ് വിജിലന്‍സ് തേടിയിരിക്കുന്നത്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക് തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് പുറമേ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്ക് മേധാവികള്‍ക്കും കത്തയച്ചിട്ടുണ്ട്. എന്നാല്‍ വിദേശ ബാങ്കുകളിലെ അക്കൌണ്ട് വിവരങ്ങള്‍ ലഭിക്കുന്നത് എളുപ്പമല്ലെന്നാണ് സൂചന.
ബാബുവിന്റെ വീട്ടിലെ റെയ്ഡില്‍ നിന്നും കണ്ടെത്തിയ ഭൂരേഖകളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന് വകുപ്പ് ഐജിക്ക് കത്തയച്ചിരിക്കുന്നത്. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ഭൂമിയുണ്ടോ എന്നറിയുകയാണ് ലക്ഷ്യം.