ജിഷ്ണുവിന്‍റെ അമ്മയും ബന്ധുക്കളും ആശുപത്രിയില്‍ നിരാഹാര സമരത്തില്‍
|എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ സമരമെന്ന് ജിഷ്ണുവിന്‍റെ അമ്മ
ജിഷ്ണുവിന്‍റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാര സമരം തുടങ്ങി. ആശുപത്രിക്ക് പുറത്ത് മറ്റ് ബന്ധുക്കളും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മഹിജക്കും കുടുംബത്തിനും വി എസ് അച്യുതാനന്ദന്‍ പിന്തുണ അറിയിച്ചു. ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. വി എം സുധീരന്‍ ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുംവരെ സമരം ചെയ്യുമെന്ന് അമ്മ പറഞ്ഞു. ഇന്നലത്തെ പ്രശ്നങ്ങള്‍ക്ക് കാരണം പൊലീസാണ്. പൊലീസിനെതിരെയാണ് സമരമെന്നും മഹിജ പറഞ്ഞു. ഇന്നലത്തെ പൊലീസ് അതിക്രമത്തെ ജിഷ്ണു വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ ചില നേതാക്കള്‍ ന്യായീകരിക്കുന്നതില്‍ വിഷമമുണ്ടെന്ന് സഹോദരി അവിഷ്ണ അശോക് പറഞ്ഞു. അമ്മ തിരിച്ചെത്തും വരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്നും അവിഷ്ണ വ്യക്തമാക്കി.
ഒളിവില്‍ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കുടുംബാംഗങ്ങള്‍. അതിക്രമം നടത്തിയ പൊലീസുകാരായ കെ ഇ ബൈജുവിനേയും സുനില്‍കുമാറിനേയും സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. സസ്പെന്‍ഡ് ചെയ്തതിന് ശേഷം മാത്രമേ ഇനി പോലീസുമായി ചര്‍ച്ചക്കുള്ളൂവെന്ന കാര്യം അനുരഞ്ജന നീക്കവുമായെത്തിയവരെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.