നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ തീപടര്‍ന്ന സംഭവം; അന്വേഷണമില്ല, നടപടിയുമില്ല
|നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ അത് ഇല്ലാതാക്കാന്‍ കയ്യേറ്റക്കാര്‍ ശ്രമിച്ചിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവുകളാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.
നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ അത് ഇല്ലാതാക്കാന്‍ കയ്യേറ്റക്കാര്‍ ശ്രമിച്ചിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവുകളാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍. കാട്ടുതീയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഉദ്യാനത്തിന്‍റെ പ്രദേശങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. എന്നാല്‍ വനംവകുപ്പ് ഇതുവരെയും ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു.
മറ്റൊരു നീലക്കുറിഞ്ഞിക്കാലം പൂക്കാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് ഈ മലമുകളില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കൊട്ടക്കമ്പൂര്‍ 58ആം ബ്ലോക്കിനടുത്തുള്ള നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ പ്രദേശങ്ങള്‍ അഗ്നിക്കിരയായതായി കണ്ടെത്തിയത്. വരവ് അറിയിച്ച് ഇന്ന് ഇവിടെ ചില ചെടികളില്‍ കുറിഞ്ഞിപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങി. ഇതിനടുത്തുതന്നെ പലയിടങ്ങളിലായി തീപടര്‍ന്ന് കത്തിയ കാഴ്ചകള്‍ ഉണ്ട്. കുറിഞ്ഞിച്ചെടികള്‍ക്കപ്പുറം അത് ഗ്രാന്‍റിസ്, യൂക്കാലിപ്റ്റസ് മരങ്ങളിലേക്കും പടര്‍ന്നിരുന്നുവെന്നതും കാണാം.
നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിന്‍റെ വികസനം ലക്ഷ്യമിട്ടുമാണ് വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം ഉദ്യാനം സംരക്ഷിക്കാന്‍ പദ്ധതിയിട്ടത്. കൊട്ടക്കമ്പൂരിലെ ബ്ലോക്ക് നമ്പര്‍ 58ഉം 62ഉം അടങ്ങുന്ന ഭൂമിയാണ് നീലക്കുറിഞ്ഞി ഉദ്യാനം എന്ന നിലയില്‍ കരട് വിജ്ഞാപനമായി പുറത്തിറങ്ങിയത്. കയ്യേറ്റക്കാരുടെ പട്ടിക നീളുന്നത് ഈ രണ്ട് ബ്ലോക്കുകളിലുമാണെന്ന ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ടും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.
ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെട്ടാല്‍ അത് സ്വാഭാവികമായും കയ്യേറ്റക്കാര്‍ക്ക് നഷ്ടം ഉണ്ടാക്കുമെന്നത് അടുത്തിടെ വന്ന പല പ്രതികരണങ്ങളില്‍ നിന്നും വ്യക്തം. നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീപടര്‍ന്ന ശേഷം അന്വേഷണവുമില്ല, നടപടിയുമില്ല.