തിരുവനന്തപുരത്ത് കുടുംബത്തിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം
|പണം പലിശക്കെടുത്തപ്പോള് ഈട് നല്കിയ വീടും പുരയിടവും കൈക്കലാക്കാനാണ് ആക്രമിച്ചത്
തിരുവനന്തപുരം കടയ്ക്കാവൂരില്‍ ബ്ലേഡ് മാഫിയ കുടുംബത്തെ വീടുകയറി ആക്രമിച്ചെന്ന് പരാതി. വെട്ടുകാട് കുളമൂട്ടം ടോണി ലാണ്ഡില് സോളമന്, ഭാര്യ ലില്ലി എന്നിവരാണ് ആക്രമണത്തിനിരയായത്. പണം പലിശക്കെടുത്തപ്പോള് ഈട് നല്കിയ വീടും പുരയിടവും കൈക്കലാക്കാനാണ് ആക്രമിച്ചതെന്നാണ് പരാതി. എന്നല്‍ ബ്ലേഡ് മാഫിയ ആക്രമണമല്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സോളമന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടുകാരെ പരിക്കേല്‍പ്പിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വീടും സ്ഥലവും തട്ടിയെടുക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പരാതി. വിദേശയാത്രക്കായാണ് ഒരു വര്‍ഷം കൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ വീടും പുരിയിടവും ഈട് വെച്ച് പണം കൈപ്പറ്റിയത്. രണ്ട് ഗഡുക്കളായി 35000 രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ വിദേശ യാത്ര മുടങ്ങിയതിനാല്‍ കഴിഞ്ഞ ദിവസം കുടുംബം വീട്ടില്‍ തിരികെയെത്തിയതറിഞ്ഞാണ് ഒരു സംഘം ഗുണ്ടകളുമായെത്തി ആക്രമിച്ചതെന്ന് കടയ്ക്കാവൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം ബ്ലേഡ് മാഫിയ ആക്രമണമല്ലെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ വിലയാധാരം എതിര്‍കക്ഷിയുടെ പക്കലുണ്ട്. സോളമന് ബാങ്കില്‍ നിന്ന് ജപ്തി നടപടി നേരിട്ടപ്പോള്‍ സല്‍മി റഷീദെന്ന എതിര് കക്ഷിക്ക് കിട്ടിയ വിലക്ക് വീട് വില്‍ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ കൂടുതല്‍ വില കിട്ടുന്നതിന് വേണ്ടിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സോളമന്റെ പരാതിയില്‍ 18 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.