Kerala
സ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നുസ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നു
Kerala

സ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നു

admin
|
5 April 2018 3:50 PM GMT

സ്കൂളുകള്‍ ഏറ്റെടുക്കല്‍ പ്രായോഗിമല്ലെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയാകുമെന്നും വിലയിരുത്തല്‍

സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നു. അടച്ചുപൂട്ടല്‍ ഭീഷണിയുള്ള 15 സ്കൂളുകള്‍ ഏറ്റെടുക്കല്‍ പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാറിന് വഹിക്കാവുന്നതിലുമപ്പുറമാണെന്ന് നിരീക്ഷണം. 19 പ്രവര്‍ത്തനരഹിത സ്കൂളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തില്ല.

തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ 15 സ്കൂളുകളാണ് അടച്ചുപൂട്ടല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. അടച്ചുപൂട്ടല്‍ നടപടി നേരിടുന്ന 4 സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിസന്ധിയായി 15 സ്കൂളുകളുടെ അപേക്ഷ കൂടി സര്‍ക്കാറിന് മുന്നിലെത്തിയത്. മാനേജ്മെന്റുകള്‍ 2008 മുതല്‍ നല്‍കിയ അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലെത്തിയിരിക്കുന്നത്. മറ്റ് വഴികളില്ലെങ്കില്‍ സ്കൂള്‍ ഏറ്റെടുക്കുമെന്നായിരുന്നു സര്‍‌ക്കാര്‍ നിലപാട്. എന്നാല്‍ സ്കൂള്‍ ഏറ്റെടുക്കല്‍ പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഇത് സര്‍ക്കാറിനുണ്ടാക്കുക.

ഏറ്റെടുക്കാന്‍ തീരുമാനിച്ച മലാപ്പറമ്പ് സ്കൂളിന് വേണ്ടി തന്നെ ആറ് കോടിയില്‍ താഴെ രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. മറ്റ് മൂന്ന് സ്കൂളുകളുടെ കാര്യത്തിലും സമാനമായ തുക സര്‍ക്കാറിന് ചെലവഴിക്കേണ്ടി വരും. മാനേജര്‍മാര്‍ കോടതിയെ സമീപിച്ചാല്‍ നഷ്ടപരിഹാര തുക ഇനിയും കൂടാനും സാധ്യതയുണ്ട്. അതിനാല്‍ 15 സ്കൂളുകള്‍ ഏറ്റെടുക്കാന്‍ ആവശ്യമായ സാമ്പത്തിക ബാധ്യത വഹിക്കാനാകുന്നതിലുമപ്പുറമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തന രഹിതമായ 19 സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം എടുത്തില്ല. അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കിയ 15 സ്കൂളുകളുടെയും 19 പ്രവര്‍ത്തനരഹിത സ്കൂളുകളുടെയും വിശദാംശങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് മന്ത്രിസഭയെ ധരിപ്പിച്ചു. സംസ്ഥാനത്ത് 3309 അണ്‍ എക്കണോമിക് സ്കൂളുകളാണുള്ളത്.

Similar Posts