സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ ദലിത് യുവതികളെ കളളക്കേസില്‍ കുടുക്കിയെന്ന് പരാതി
|സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അക്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ദലിത് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു
തലശേരി കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ ദലിത് യുവതികളെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചതായി പരാതി. കുനിയില്‍ വീട്ടില്‍ അഖില, അഞ്ജന എന്നിവരെയാണ് ഇവരുടെ പരാതിയില്‍ മൊഴിയെടുക്കാനെന്ന പേരില്‍ പോലീസ് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് വി എം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ പതിനൊന്നിനാണ് തലശേരി ബ്ലോക്ക് കോണ്ഗ്ര്സ് സെക്രട്ടറി കുനിയില്‍ രാജന്റെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. അക്രമത്തില്‍ രാജനും രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അക്രമം നടന്ന ദിവസം രാവിലെ സിപിഎം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ പാര്‍ട്ടി ഓഫീസില്‍ എത്തി അഖിലയും അഞ്ജനയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.
എന്നാല്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വം ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് ഇവരെ തലശേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഐ.പി.സി 452,324 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഇവരെ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചു എന്ന പരാതിയില്‍ മൊഴിയെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പിതാവ് പറയുന്നു.
അഖിലക്കൊപ്പം ഒന്നര വയസു മാത്രം പ്രായമുളള കൈകുഞ്ഞും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.