മലബാര്‍ സിമന്റ്സില്‍ വന്‍ അഴിമതിയെന്ന് ഡീലര്‍മാര്‍
|കെ പത്മകുമാര്‍ എംഡി ആയതിനുശേഷം മലബാര്‍ സിമന്റ്സിന്റെ ഗുണനിലവാരം കുറഞ്ഞു.
മലബാര്‍ സിമന്റ്സില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഡീലര്‍മാര്‍ രംഗത്ത്. കെ പത്മകുമാര്‍ എംഡി ആയതിനുശേഷം മലബാര്‍ സിമന്റ്സിന്റെ ഗുണനിലവാരം കുറഞ്ഞു. മലബാര്‍ സിമന്റ്സ് ചെയര്‍മാനായിരുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് വിഷയത്തില്‍ ഇടപെട്ടിലെന്നും ഡീലര്‍മാര്‍ പറയുന്നു.
വന്‍കിട ഡീലര്‍മാരെ സഹായിക്കുന്നതിനായി ഇവര്‍ക്ക് പലവിധ ആനുകൂല്യങ്ങളും നല്കി. ഇതിലൂടെ കമ്പനിയുടെ വരുമാനം കുറഞ്ഞു. ചെറുകിട ഡീലര്‍മാര്‍ക്ക് സിമന്റ് നല്‍കുന്നത് അകാരണമായി തടഞ്ഞുവെച്ചതിനെതിരെ നിരവധി തവണ മലബാര്‍ സിമന്റ്സ് ചെയര്മാന് കൂടിയായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സി എച്ച് കുര്യന് കത്തുനല്‍കിയിട്ടും മറുപടിയെന്നും ലഭിച്ചില്ല. ചെറുകിട ഡീലര്‍മാര്‍ക്ക് മലബാര്‍ സിമന്റ്സ് നല്കാത്തതിനാല് വില്പനയില് കുറവ് സംഭവിച്ചു. ഹൈകോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രശ്നപരിഹാരത്തിന് ചെയര്മാന് ശ്രമിച്ചത്. കെ.പത്മകുമാര്‍ ചുമതലയേറ്റതു മുതല്‍ സിമന്റിന്റ ഗുണനിലവാരം കുറഞ്ഞുവരുന്നതായും ഡീലര്‍മാര്‍ ആരോപിക്കുന്നു. ഗുണനിലവാരമില്ലാത്തതിനാലാണ് ചേര്‍ത്തല പ്ലാന്റ് പൂട്ടിയത്. അഴിമതിക്ക് കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരെകൂടി അറസ്റ്റ്ചെയ്യണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.