മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് ജേക്കബ്ബിനെതിരെ ജോസഫ് വാഴക്കന്‍
|മൂവാറ്റുപുഴ സീറ്റ് വിട്ടുകിട്ടണമെന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ അവകാശവാദത്തിനെതിരെ ജോസഫ് വാഴക്കന്‍ എംഎല്‍എ പരസ്യമായി രംഗത്ത്.
മൂവാറ്റുപുഴ സീറ്റ് വിട്ടുകിട്ടണമെന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ അവകാശവാദത്തിനെതിരെ ജോസഫ് വാഴക്കന്‍ എംഎല്‍എ പരസ്യമായി രംഗത്ത്. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്ന കീഴ്വഴക്കമാണ് യുഡിഎഫിലുള്ളതെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. ഒഴിഞ്ഞുകിടന്ന സീറ്റിലാണ് താന്‍ മത്സരിച്ചതെന്നും ഓരോ പാര്‍ട്ടിക്കാരും സ്വന്തം നിലയ്ക്ക് സീറ്റ് പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
അങ്കമാലിക്ക് പകരം തങ്ങള്‍ വിജയിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ മണ്ഡലം തിരിച്ചുനല്‍കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പരസ്യമായി ആവശ്യപ്പെട്ടത്. അങ്കമാലി കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മൂവാറ്റുപുഴയ്ക്കായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് സിറ്റിങ് എംഎല്‍എയായ ജോസഫ് വാഴ്ക്കന്‍ പ്രതികരിച്ചത്. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതാണ് യുഡിഎഫിന്‍റെ പതിവെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.
മുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്കമാലി കൈമാറിയത്. ഒഴിഞ്ഞുകിടന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴയെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തകര്‍ വികാരം കൊള്ളുക സ്വാഭാവികം മാത്രമാണെന്നും മണ്ഡലത്തില്‍ രണ്ടാംവട്ട മത്സരത്തിന് തയ്യാറെടുക്കുന്ന ജോസഫ് വാഴക്കന്‍ പറഞ്ഞു.