വ്യവസായ മന്ത്രിയുടെ ബന്ധുവിനെ കെ.എസ്.ഐ.ഇയുടെ എംഡിയായി നിയമിച്ചത് വിവാദമാകുന്നു
|സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍റെ അടുത്ത ബന്ധുവിനെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ കോര്‍പ്പറേഷന്‍ എംഡിയാക്കിയത് പിന്നാലെയാണ് പുതിയ നിയമനം.
വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധു സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇയുടെ എംഡിയായി നിയമിച്ചത് വിവാദമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍റെ അടുത്ത ബന്ധുവിനെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ കോര്‍പ്പറേഷന്‍ എംഡിയാക്കിയത് പിന്നാലെയാണ് പുതിയ നിയമനം.
രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളുടെ മക്കളെ കൂടി പൊതുമേഖല സ്ഥാപനങ്ങളിലെ എംഡിയാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ എംഡി നിയമനങ്ങളാണ് വിവാദമാകുന്നത്. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എംഡിയായി സുധീര്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം നിയമിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യ സഹോദരിയും, എം പിയുമായ പികെ ശ്രീമതിയുടെ മകനാണ് സുധീര്‍. നിയമനത്തെക്കുറിച്ചുള്ള വിവാദത്തോട് മന്ത്രി പ്രതികരിച്ചതിങ്ങനെ ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ്.ആര്‍ വിനയകുമാറിനെ യുണൈറ്റഡ് ഇലക്ര്ടിക്കല്‍ കോര്‍പ്പറേഷന്‍റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. വിനയകുമാറിന് കരകൌശല കോര്‍പ്പറേഷന്റെ അധിക ചുമതല കൂടി നല്‍കാന്‍ ആലോചനയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകനെ മറ്റൊരു പൊതുമഖലാ സ്ഥാപനത്തില്‍ എംഡിയായി നിയമിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് ക്യഷ്ണനായരുടെ മകനെ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയാക്കാനുള്ള നീക്കങ്ങളും അവസാനഘട്ടത്തിലാണ്.