പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം
|ദിവസം രണ്ട് വാഹനങ്ങളെങ്കിലും പിടിച്ചെടുക്കണമെന്നാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം
പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ദിവസം രണ്ട് വാഹനങ്ങളെങ്കിലും പിടിച്ചെടുക്കണമെന്നാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. മലബാര്‍ മേഖലയില്‍ മാത്രം 157 വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നികുതി വെട്ടിപ്പിനായി പുതുച്ചേരിയില്‍ വ്യാജ വിലാസമുണ്ടാക്കി ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നീങ്ങാനാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിയമത്തിന്റെ പ്രസക്തമായ വകുപ്പുകളനുസരിച്ച് ദിവസേന രണ്ട് വാഹനങ്ങളെങ്കിലും പിടിച്ചെടുക്കാനാണ് തീരുമാനം.
അതിനിടെ നികുതി വെട്ടിക്കാനായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സ്ഥിരതാമസക്കാരായ 331 പേര് വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഇതില്‍ 157 വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 16 വാഹന ഉടമകളില്‍ നിന്നായി ഇതിനകം 1,42,14875 രൂപ ഈടാക്കിക്കഴിഞ്ഞു. കോഴിക്കോട് കൊടുവള്ളി മേഖലകളിലായി ആകെ 71 വാഹനങ്ങള്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. എഴ് വാഹനങ്ങളില്‍ നിന്നായി 88 ലക്ഷം രൂപ നികുതി ഈടാക്കിക്കഴിഞ്ഞു. 49 വാഹനങ്ങള്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും. ബാക്കിയുള്ളവരുടെ വിശദീകരണം കിട്ടുന്ന മുറയ്ക്കായിരിക്കും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുക.