സ്വര്‍ണക്കടത്ത് കേസില്‍ കോഴ: ജഡ്ജിയുടെ പിന്മാറ്റം അനുചിതമെന്ന് വിദഗ്ധര്‍
|കാര്‍ക്കശ്യക്കാരനായ ജഡ്ജി കേസ് പരിഗണിക്കുന്നത് ഒഴിവാക്കി കിട്ടാന്‍ ഇത്തരത്തില്‍ ചില തന്ത്രങ്ങള്‍ പ്രതിഭാഗം ചമയ്ക്കാറുണ്ട് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജി കേസ് തുടര്‍ന്ന് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവായത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള നിയമപരമായ ബാധ്യത ന്യായാധിപകര്‍ക്ക് ഉണ്ട്. ജഡ്ജി പിന്മാറിയത് പ്രതിക്ക് സഹായകരമാകുമെന്നും വിലയിരുത്തലുണ്ട്.
നെടുമ്പാശേരി വിമാനത്താവളം വഴി 2000 കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ പ്രതികളില്‍ ഒരാള്‍ക്ക് വേണ്ടി തനിക്ക് അറിയാവുന്നയാള്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്റെ വെളിപ്പെടുത്തല്‍. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കോഫൊപൊസ നീക്കം ചെയ്യുന്നതിനാണ് കോഴ വാഗാദാനം ചെയ്തത്. ഈ അവസരത്തില്‍ കേസ് തുടര്‍ന്ന് കേള്‍ക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ടി ശങ്കരന് പിന്മാറായത്. എന്നാല്‍ ജഡ്ജി പിന്മാറായത് പ്രതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. കാര്‍ക്കശ്യക്കാരനായ ജഡ്ജി കേസ് പരിഗണിക്കുന്നത് ഒഴിവാക്കി കിട്ടാന്‍ ഇത്തരത്തില്‍ ചില തന്ത്രങ്ങള്‍ പ്രതിഭാഗം ചമയ്ക്കാറുണ്ട് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സ്വാധീനങ്ങള്‍ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കാന്‍ ന്യായാധിപന്മാര് ബാധ്യസ്ഥരാണെന്നിരിക്കെ ജഡ്ജി സ്വയം പിന്മാറിയത് അനുചിതമാണ്.
തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്ന കാര്യം ചീഫ് ജസ്റ്റിസിനെയൊ പൊലീസിനെയൊ ന്യായാധിപന് അറിയിക്കാമായിരുന്നു. ഇത്തരം ഒരു സംഭവം കേസിന്റെ നടപടി ക്രമങ്ങളില്‍ രേഖയാക്കി മാറ്റുകയുമാവാം. ജുഡീഷ്യറിയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.