വാഹനാപകടത്തില്‍ പരിക്കേറ്റ ഹാന്‍ഡ് ബോള്‍ താരം ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍
|അതീവ ഗുരുതരമായി പരിക്കേറ്റ വൈപ്പിന്‍ സ്വദേശി പതിനാലുവയസുകാരന് മുഹമ്മദ് സമീര്‍ ഇന്നും കിടക്കയിലാണ്
മലപ്പുറം എടപ്പാളില്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരം ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയില്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷിയിലാണ് മുഹമ്മദ് സമീറിന്റെ കുടുംബം.
കഴിഞ്ഞ നവംബര്‍ 23നാണ് കേരളത്തെ കണ്ണീരണിയച്ച അപകടം മലപ്പുറം എടപ്പാളില്‍ ഉണ്ടായത്. സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തുവന്ന ജൂനിയര്‍ താരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ പരിക്ക് ഭേദപ്പെട്ടുവരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ വൈപ്പിന്‍ സ്വദേശി പതിനാലുവയസുകാരന് മുഹമ്മദ് സമീര്‍ ഇന്നും കിടക്കയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കാമെന്ന് പ്രഖ്യാപിച്ച ധനസഹായവും കാത്തിരിക്കുകയാണ് സമീറിന്റെ കുടുംബം. ഭീമമായ ചികിത്സാചെലവ് താങ്ങാനാകില്ലെന്ന് ചുമട്ടുതൊഴിലാളിയായ അഛന് സുബൈര്‍ കണ്ണുനിറഞ്ഞു പറയുന്നു.
തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ സമീറിന്റെ ഓര്‍മയും മാഞ്ഞുതുടങ്ങി. ഹാന്‍ഡ് ബോള്‍ എറണാകുളം ജില്ലാ ടീമംഗമായിരുന്നു മുഹമ്മദ് സമീര്‍. ഹാന്‍ഡ് ബോളിനു പുറമെ അത്ലറ്റിക്സിലും ഗുസ്തിയിലും മികച്ച താരമായിരുന്നു സമീര്‍. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമായാല്‍ പൂര്‍ണ ആരോഗ്യവാനായി തങ്ങളുടെ കുട്ടിയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയുടെ വെളിച്ചം ഈ ദമ്പതികളുടെ നിറകണ്ണിലുണ്ട്.