കേരളാ കോണ്‍ഗ്രസ് ബിയും ലയനവിരുദ്ധ വിഭാഗവും ലയനത്തിനൊരുങ്ങുന്നു
|കേരളാകോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗത്തില്‍ ലയിച്ച് ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള ബാലകൃഷ്ണപിള്ളയുടെ നീക്ക
കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗവും കേരളാ കോണ്‍ഗ്രസ് ബിയും തമ്മില്‍ ലയിക്കാനൊരുങ്ങുന്നു. ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളാകോണ്‍ഗ്രസ് ബി നേതൃക്യാമ്പിലെത്തിയ സ്കറിയ തോമസാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനസാധ്യത പങ്കുവെച്ചത്.
നിലവില്‍ ഇടത് മുന്നണിയുമായി സഹകരിക്കുന്നുണ്ടെങ്കിലും മുന്നണിപ്രവേശം ആര് ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബിക്ക് ഇതുവരെ സാധ്യമായിട്ടില്ല. സ്കറിയ തോമസ് നേതൃത്വം നല്കുന്ന കേരളാകോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗത്തില്‍ ലയിച്ച് ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള ബാലകൃഷ്ണപിള്ളയുടെ നീക്കത്തിനാണ് സ്കറിയ തോമസിന്റെ പ്രസ്താവനയോടെ സാധ്യത തെളിഞ്ഞിരിക്കുന്നത്.
ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് ബി നേതൃക്യാമ്പില്‍ ലയന സാധ്യത തള്ളാതെയാണ് പാര്‍ട്ടി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ്കുമാര് എംഎല്‍എയും സംസാരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണിക്കകത്ത് ധാരണയുണ്ടാകാതെ പരസ്യ പ്രതികരണത്തിന് മുതിരേണ്ടതില്ലായെന്നാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ള ധാരണ.
ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കണമെങ്കില്‍ സിപിഎമ്മിന്റെ അനുമതി ആവശ്യവുമാണ്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചാലുടന്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടായേക്കുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.