സ്കോള്‍ കേരളയുടെ ആസ്ഥാനം കോഴിക്കോട്ടുനിന്നും മാറ്റുന്നു
|അടുത്ത ജനറല്‍ കൌണ്‍സില്‍ തീരുമാനമെടുക്കും
പ്ലസ് ടു സമാന്തരമായി പഠിപ്പിക്കുന്ന സ്കോള്‍ കേരളയുടെ ആസ്ഥാനം മലബാറില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കം. ആസ്ഥാനം കോഴിക്കോട് ആക്കണമെന്ന പ്രഥമ ജനറല്‍ കൌണ്‍സില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. സ്കോള്‍ കേരളയുടെ കീഴിലുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മലബാറില്നിന്നായിട്ടും ആസ്ഥാനം മാറ്റുന്നത് ഉദ്യോഗസ്ഥ ലോബിയുടെ താത്പര്യ പ്രകാരമാണ്.
2016 ഫെബ്രുവരി 8ന് ചേര്‍ന്ന സ്കോള്‍ കേരളയുടെ പ്രഥമ ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് റീജിയണല്‍ കേന്ദ്രം തുടങ്ങാനും തീരുമാനിച്ചു. ഡോ.എ അച്യുതന് കമ്മറ്റിയുടെ ശുപാര്‍ശയും ഓപ്പണ്‍ സ്കൂളിലെ അപേക്ഷകരുടെ എണ്ണവും പരിഗണിച്ചായിരുന്നു നടപടി. എന്നാല്‍ ആഗസ്റ്റ് 18ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ഇത് പുനപരിശോധിക്കാന്‍ തീരുമാനിച്ചു. സ്കോള്‍ കേരളയിലെ ഉദ്യോഗസ്ഥരില്‍ വലിയ വിഭാഗം തിരുവനന്തപുരം സ്വദേശികളാണ്. ഇതാണ് ആസ്ഥാന മാറ്റത്തിന് കാരണമാകുന്നത്. ആസ്ഥാനം മാറ്റുന്ന കാര്യം അടുത്ത ജനറല്‍ കൌണ്‍സില്‍ തീരുമാനിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.