മട്ടുപ്പാവിലെ ജൈവകൃഷി വ്യാപനം ജീവിതവ്രതമാക്കി ചെന്നൈ മലയാളി
|കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ച എസ്.എസ്. രാധാകൃഷ്ണനാണ് കഴിഞ്ഞ പത്തുവര്‍ഷമായി ജൈവകൃഷി പ്രോത്സാഹിപ്പിയ്ക്കുന്നത്
മട്ടുപ്പാവിലെ ജൈവകൃഷി വ്യാപനം ജീവിതവ്രതമാക്കിയിരിയ്ക്കുകയാണ് ചെന്നൈയില്‍ ഒരു മലയാളി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ച എസ്.എസ്. രാധാകൃഷ്ണനാണ് കഴിഞ്ഞ പത്തുവര്‍ഷമായി ജൈവകൃഷി പ്രോത്സാഹിപ്പിയ്ക്കുന്നത്. തന്റെ വീടിന്റെ മട്ടുപ്പാവില്‍ ഒരുക്കിയ പച്ചക്കറി തോട്ടത്തിലൂടെയാണ് കൃഷിയിലേയ്ക്ക് ആളുകളെ ആകര്‍ഷിയ്ക്കുന്നത്.
അടയാര്‍ രാജാജി ഭവനു സമീപത്താണ് രാധാകൃഷ്ണന്റെ വീട്. മട്ടുപ്പാവില്‍ പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുന്നു. ഗുഡ് ഗവേണന്‍സ് ഗാര്‍ഡ്സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചാണ് മട്ടുപ്പാവിലെ ജൈവ കൃഷി പ്രോത്സാഹിപ്പിയ്ക്കുന്നത്. തോട്ടം ആരംഭിയ്ക്കാനുള്ള സംവിധാനങ്ങളെല്ലാം രാധാകൃഷ്ണന്റെ സ്ഥാപനത്തിലുണ്ട്. വിവിധ വിത്തുകള്‍ പുറത്തു നിന്നും എത്തിച്ച് വിതരണം ചെയ്യുന്നു. തൈകള്‍ നടുന്നതിനുള്ള മണ്ണും ചകിരിയും മണ്ണിര കംപോസ്റ്റും ചേര്‍ത്ത ജൈവമിശ്രിതവും സ്ഥാപനത്തിലൂടെ നല്‍കുന്നുണ്ട്.
ചെറുപ്പകാലത്തെ, ആലപ്പുഴ തകഴിയിലെ ജീവിതമാണ് ഈ ആശയത്തിലേയ്ക്ക് എത്താനുണ്ടായ കാരണം. പ്രതിവര്‍ഷം ആയിരത്തോളം കുടുംബങ്ങള്‍ ജൈവകൃഷിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് രാധാകൃഷ്ണന്റെ നിഗമനം. നഗരജീവിതത്തില്‍ സമയക്കുറവും സ്ഥലകുറവും കാരണം കൃഷിചെയ്യാന്‍ സാധിയ്ക്കില്ലെന്ന് ഇനിയാര്‍ക്കും പറയാനാകില്ല. കാരണം ഇതിനുള്ള സഹായവും ക്രമീകരങ്ങളുമായി രാധാകൃഷ്ണനുണ്ട്. എപ്പോഴും.