Kerala
കേരളത്തിലെ തോല്‍വിയില്‍ നടപടി വേണമെന്ന് ശശി തരൂര്‍കേരളത്തിലെ തോല്‍വിയില്‍ നടപടി വേണമെന്ന് ശശി തരൂര്‍
Kerala

കേരളത്തിലെ തോല്‍വിയില്‍ നടപടി വേണമെന്ന് ശശി തരൂര്‍

admin
|
9 April 2018 1:33 PM GMT

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു‍.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ശശി തരൂര്‍ എംപി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. കേരളത്തിലെ തോല്‍വി ഹൈക്കമാന്റ് ഗൌരവത്തോടെയാണ് കാണുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ അനൈക്യമാണ് തോല്‍വിയുടെ കാരണമെന്ന് ശശി തരൂര്‍ നേരത്തെ പറ‍ഞ്ഞിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പിസവും അനൈക്യവുമാണെന്ന് നേരത്തെ ശശി തരൂര്‍ പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും തമ്മിലുള്ള ഭിന്നത പാര്‍ട്ടിയില്‍ രൂക്ഷമാണ്. ഇരു ഗ്രൂപ്പിലും പെടാത്ത വി എം സുധീരന്‍ കെപിസിസി പ്രസിഡണ്ടായപ്പോള്‍ മൂന്നാം ഗ്രൂപ്പും രൂപപ്പെട്ടു. ഈ മൂന്ന് നേതാക്കള്‍ക്കും കേരളത്തിലെ തോല്‍വിയില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്ന് തരൂര്‍ സോണിയയെ അറിയിച്ചതായാണ് സൂചന.

പല മണ്ഡലങ്ങളിലും പരസ്പര കാലുവാരല്‍ തോല്‍വിക്ക് കാരണമായി. ഇതിനുത്തരവാദികളാരെന്ന് കണ്ടെത്തി നടപടി വേണം. ഒപ്പം നേതൃതലത്തിലും അഴിച്ച് പണി വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടതായാണ് വിവരം. 55 മിനുട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ തോല്‍വി ഹൈകമാന്‍ഡ് ഗൌരവത്തോടെയാണ് കാണുന്നതെന്നും ഗുണപരമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

Similar Posts