ഇ അഹമ്മദിന്റെ മരണം: ഡോക്ടര്‍മാരുടേത് ഗുരുതര വീഴ്ചയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്
|മരണകാര്യം മറച്ചു വെച്ചത് ഗുരുതരമായ തെറ്റാണ്. ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാലും ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് സിറിയക് ജോസഫ്
ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്. അദ്ദേഹത്തിന്‍റെ മരണകാര്യം മറച്ചു വെച്ചത് ഗുരുതരമായ തെറ്റാണ്. ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാലും ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് നടന്ന ഗൈനക്കോളജി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. മെഡിക്കല്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ നിശിതമായി വിമര്‍ശിച്ചു. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. പക്ഷേ ഒരു ഡോക്ടറും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
നീതിന്യായ രംഗവും വൈദ്യശാസ്ത്ര മേഖലയും മഹത്തരമായ മേഖലകളാണ്. പക്ഷേ അഴിമതി പോലുള്ള കാര്യങ്ങള്‍ ഈ രംഗത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.