''വെള്ളം തരൂ, വെള്ളം തരൂ'': പ്രതിഷേധവുമായി മൃഗങ്ങൾ പഞ്ചായത്ത് ഓഫീസില്‍
|കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ താമസിക്കുന്ന പ്രദീപിന്റെ ഫാമിലുള്ള ആനയും പശുക്കളുമാണ് വെള്ളമില്ലാതായതോടെ സമരവുമായി എത്തിയത്.
വെള്ളമില്ലാതായതോടെ നാട്ടിലെ മൃഗങ്ങള്‍ വരെ പൊറുതി മുട്ടുകയാണ്. എങ്ങനെയെങ്കിലും അല്പം വെള്ളം കണ്ടെത്താന്‍ ശ്രമിക്കുന്നത് അധികാരികള്‍ തടയുക കൂടി ചെയ്താലോ. മനുഷ്യര്‍ മാത്രമല്ല. ചിലപ്പോൾ മൃഗങ്ങള്‍ തന്നെ നേരിട്ടെത്തി പ്രതിഷേധിക്കും. ഇങ്ങനെയാണ് ഒരു പറ്റം മൃഗങ്ങള്‍ കുടിവെള്ളത്തിനായി കൊല്ലം കല്ലുവാതുക്കല്‍ പഞ്ചായത്തോഫീസിലെത്തിയത്.
കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ താമസിക്കുന്ന പ്രദീപിന്റെ ഫാമിലുള്ള ആനയും പശുക്കളുമാണ് വെള്ളമില്ലാതായതോടെ സമരവുമായി എത്തിയത്. 2014 15 വര്‍ഷം ഏറ്റവും നല്ല കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത് പ്രദീപായിരുന്നു.
വംശനാശ ഭീഷണിയുള്ളവയുൾപ്പെടെ 140 പശുക്കളും ആനകളും മറ്റ് പക്ഷിമൃഗാദികളും എല്ലാമുണ്ട് പ്രദീപിന്റെ ഫാമില്‍. ഇവരെ നോക്കി നടത്താന്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ആവശ്യമാണ്. വരൾച്ച വന്നതോടെ ഫാമിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി. പരിഹാരശ്രമം ചുവപ്പ് നാടയില്‍ കുടുങ്ങിയതോടെയാണ് പ്രദീപിന്റെ ഫാമിലെ അന്തേവാസികൾ വേറിട്ട സമരവുമായി പഞ്ചായത്തോഫീസിന് മുന്നിലെത്തിയത്.