വേങ്ങര ഉപതെരഞ്ഞെടുപ്പ്: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു
|വേങ്ങര മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെട്ട ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് വോട്ടെടുപ്പ് വരെ നിര്‍ത്തിവെക്കുന്നത്
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു. വേങ്ങര മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെട്ട ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ് വോട്ടെടുപ്പ് വരെ നിര്‍ത്തിവെക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം നേതൃത്വം ഏരിയാ കമ്മറ്റികള്‍ക്ക് നല്‍കിക്കഴിഞ്ഞു.
വേങ്ങര നിയോജക മണ്ഡലത്തില്‍ മൂന്ന് ഏരിയാ കമ്മറ്റികളാണുള്ളത്. ഇതിന് കീഴില്‍ ആറ് ലോക്കല്‍ കമ്മറ്റികളും 89 ബ്രാഞ്ച് കമ്മറ്റികളും. അടുത്ത മാസം പതിനഞ്ചിനുള്ളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേങ്ങരയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 70 ശതമാനം ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സമ്മേളന പ്രവര്‍ത്തനങ്ങള്‍ പ്രചാരണത്തെ ബാധിക്കുമെന്ന് കണ്ടാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബര്‍ രണ്ട് മുതല്‍ ഒമ്പത് വരെയുളള ബ്രാഞ്ച് സമ്മേളനങ്ങളാണ് നിര്‍ത്തിവെക്കുന്നത്. വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലേക്ക് സമ്മേളനം പുനക്രമീകരിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.