മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിനിടെയെന്ന പോലീസ് വാദം ദുര്‍ബലമാകുന്നു
|കുപ്പു ദേവരാജന്‍, അജിത എന്നിവര്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങളില്‍ സമീപത്തെങ്ങും ആയുധങ്ങളില്ല.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിനിനിടെയെന്ന പോലീസ് വാദം ദുര്‍ബലമാകുന്നു. വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ഒരു പിസ്റ്റളും സിം കാര്‍ഡുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും അഞ്ച് ലക്ഷം രൂപയും മാത്രം.
നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എ.കെ 47 ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയില്‍ ഒരു പിസ്റ്റള്‍, സ്ഫോടക വസ്തുവാണെന്ന് സംശയിക്കുന്ന പദാര്‍ഥങ്ങള്‍, രണ്ട് കത്ത്, ഭക്ഷണ സാധനങ്ങള്‍, വൈഫെയ് മോഡം, സീം കാര്‍ഡുകള്‍, 5 ലക്ഷം രൂപ എന്നിവയാണ് കണ്ടെത്തിയത്.
രണ്ട് മാസം മുന്‍പാണ് തമിഴ്നാട് അതിര്‍ത്തിയില്‍ ആദിവാസികള്‍ ടെന്‍റുകള്‍ നിര്‍മ്മിച്ചതെന്നാണ് വിവരം. മാവോയിസ്റ്റുകള്‍ വിശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചന. കുപ്പു ദേവരാജന്‍, അജിത എന്നിവര്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങളില്‍ സമീപത്തെങ്ങും ആയുധങ്ങളില്ല. കുപ്പു ദേവരാജന്‍റെ അടുത്തുളളത് ഐപാഡാണ്. ഒരു പിസ്റ്റള്‍ മാത്രമെ കണ്ടെത്തനായുളളുവെന്നത് ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊലീസ് വാദത്തെയും ദുര്‍ബലമാക്കുന്നു. തങ്ങള്‍ പൊലീസിനെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ ആദിവാസികളോട് പറഞ്ഞിരുന്നു.