ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ അതിക്രമം: പൊലീസിന് ഐജിയുടെ ക്ലീന്‍ ചിറ്റ്
|ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ ഇന്നലെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഐ ജി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്
ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ ഇന്നലെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഐ ജി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്. സുരക്ഷാ വീഴ്ച ഒഴിവാക്കാനാണ് ബലപ്രയോഗം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയില്ല.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും കുടുംബാംഗങ്ങൾക്കുമെതിരായ പൊലീസ് നടപടി വിവാദമായ പശ്ചാത്തലത്തിലാണ് സംഭവം അന്വേഷിക്കാൻ ഡിജിപി ലോകനാഥ് ബഹ്റ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ പോലീസിന് ക്ലീൻചിറ്റാണ് ഐജി നൽകിയിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തുണ്ടായ ബലപ്രയോഗം സുരക്ഷാവീഴ്ച ഒഴിവാക്കാനുളള സ്വാഭാവിക നടപടി മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമരക്കാർക്കെതിരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായിട്ടില്ല. സാധാരണ സമരങ്ങളെ നേരിടുന്ന രീതിയിലാണ് ഈ സമരവും കൈകാര്യം ചെയ്ത്. ആരോപണമുയർന്നത് പോലുളള പെരുമാറ്റം കന്‍റോൺമെന്‍റ് എസി ബൈജുവിന്‍റെയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഐജിയുടെ റിപ്പോർട്ടിനെതിരെ ജിഷ്ണുവിന്‍റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും രംഗത്തെത്തി.