മുരുകന് ചികിത്സ നിഷേധിച്ച സംഭവം; പിടിച്ചെടുത്ത രേഖകൾ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന് കൈമാറി
|ഏതൊക്കെ തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിക്കാനാണ് രേഖകൾ കൈമാറിയത്
തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന് പൊലീസ് കൈമാറി. ഏതൊക്കെ തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിക്കാനാണ് രേഖകൾ കൈമാറിയത്. അതേ സമയം സംഭവത്തിൽ സ്വകാര്യ ആശുപത്രികൾക്ക് ഗൂരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കൊല്ലം ഡിഎംഒ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറി.
മുരുകന്റെ കുടുംബത്തോട് കേരളം മാപ്പ് ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് തൊട്ട് പിന്നാലെ കേസിലെ നടപടികൾ അന്വേഷണ സംഘo വേഗത്തിലാക്കി. കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ തിരുവനന്തപുരത്തെ ഡോക്ടർമാരുടെ പ്രതേക സംഘത്തിന് അനേഷണ സംഘം കൈമാറി. രേഖകൾ പരിശോധിച്ച് റിപ്പോർട് ഇന്നു തന്നെ നൽകണമെന്നും അനേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടർമാരെ പ്രതി ചേർക്കാനാണ് പൊലീസ് തിരുമാനം. കേസില്‍ ഉടൻ അറസ്റ്റ് ഉണ്ടായെക്കുമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.