സ്വാശ്രയ പ്രവേശം: മതമേലധ്യക്ഷന്‍മാരുടെ കത്ത് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ച നടപടിക്ക് സ്റ്റേ
|കമ്മ്യൂണിറ്റി കോട്ടയില്‍ പ്രവേശനം ലഭിക്കാന്‍ മതമേലധ്യക്ഷന്‍മാരുടെ കത്ത് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതിനാണ് വിമര്‍ശം.
ന്യൂനപക്ഷ സ്വാശ്രയ കോളജുകളില്‍ പ്രവേശനത്തിന് ജാതി സര്‍ട്ടിഫിക്കറ്റിനൊപ്പം മതമേലധ്യക്ഷന്‍മാരുടെ കത്ത് കൂടി ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്ക് താല്‍കാലിക സ്റ്റേ. വേണ്ടത്ര മനസിരുത്താതെയും തിടുക്കപ്പെട്ടുമാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടികാട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ കോളജുകളിലെ സ്വാശ്രയ പ്രവേശനത്തിന് റവന്യൂ അധികൃതരുടെ ജാതിസര്‍ട്ടിഫിക്കറ്റിനൊപ്പം മതമേലധ്യക്ഷന്‍മാരുടെ കത്ത് കൂടി ഹാജരാക്കണമെന്ന് സര്‍ക്കാര്‍ ജൂലൈ 29നാണ് ഉത്തരവിറക്കിയത്. വിവിധ വിഭാഗങ്ങളില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു. ഇത് ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളാണ് കോടതിയെ സമീപിച്ചത്. പല ഉപജാതികളുള്ളതിനാല്‍ ന്യൂനപക്ഷ കോളജുകളില്‍ അതാത് വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ പ്രവേശനം നടത്തുന്നതിന് മതമേലധ്യക്ഷന്‍മാരുടെ കത്ത് കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
റവന്യൂ അധികൃതര്‍ ഉപജാതികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏതു രീതിയിലാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് സംബന്ധിച്ച് സര്‍ക്കാരിന് ക്യത്യമായ വിശദീകരണമില്ലെന്ന് കോടതി ചൂണ്ടികാട്ടി. തുടര്‍ന്നാണ് വേണ്ടത്ര മനസിരുത്താതെ തിടുക്കത്തില്‍ ഉത്തരവ് പിന്‍വലിച്ച നടപടിയെ കോടതി വിമര്‍ശിച്ചത്. ആഗസ്റ്റ് 11 വരെയാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പരീക്ഷ കണ്‍ട്രോളര്‍ സമയം അനുവദിച്ചത്. ഇത് 14 വരെ കോടതി നീട്ടി. ചെറിയ സമയത്തിനുള്ളില്‍ റവന്യൂ അധികതര്‍ക്ക് വലിയ ബാധ്യതയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ ഹരജി പരിഗണിച്ച വേളയില്‍ ക്യത്യമായ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ആരോഗ്യ ജോയിന്‍റ് സെക്രട്ടറി പ്രകാശിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പിക്കാനും കോടതി നിര്‍ദേശം നല്‍കി. സ്വാശ്രയ ഫീസ് ഘടന സംബന്ധിച്ച കേസിലും ഉദ്യോഗസ്ഥന്‍ തെറ്റായ വിവരമാണ് കോടതിയില്‍ നല്‍കിയതെന്നും അതിനാല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാനുമാണ് കോടതി നിര്‍ദേശം.