കേരളവര്‍മ്മ കോളജിന്റെ എഴുപതാം വാര്‍ഷികാഘോഷം
|ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് നാല് ദിവസം മുമ്പേ രൂപീകരിക്കപ്പെട്ട കലാലയം സപ്തതി നിറവിലെത്തിയിരിക്കുകയാണ്.
തൃശൂര്‍ കേരളവര്‍മ്മ കോളജിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ഒരുവര്‍ഷം നീളുന്ന സാംസ്‌കാരിക പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് നാല് ദിവസം മുമ്പേ രൂപീകരിക്കപ്പെട്ട കലാലയം സപ്തതി നിറവിലെത്തിയിരിക്കുകയാണ്.
സ്ഥാപക ദിനമായ ഇന്നലെ സ്ഥാപകനായ ശ്രീ രാമവര്‍മയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന് തുടക്കമായി. കേരള വര്‍മയുടെ സ്വാതന്ത്രവും കാഴ്ചപ്പാടുകളും നിലനിര്‍ത്തികൊണ്ട് തന്നെ കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
സാംസ്‌കാരിക, രാഷ്ട്രീയ, സിനിമാ മേഖലകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷ പരിപാടികളുടെ അണിയറയില്‍ സജീവമാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്ന് ദിവസം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം, കേരളവര്‍മ്മയുടെ ചരിത്രം രേഖപ്പെടുത്തുന്ന സര്‍ഗ്ഗസ്മൃതി ചിത്ര പ്രദര്‍ശനം എഴുപത് വര്‍ഷങ്ങള്‍ എഴുപത് പ്രതിഭകള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.