കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു
|അശാസ്ത്രീയമായ വികസനത്തിനു വേണ്ടി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുന്നു. അശാസ്ത്രീയമായ വികസനത്തിനു വേണ്ടി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി വില നല്‍കുമെന്ന് റവന്യൂ വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന് സമീപമുള്ള 485 ഏക്കര്‍ ഭൂമിയാണ് നവീകരണത്തിനായി ഏറ്റെടുക്കുന്നത്.മൂന്നു മാസത്തിനിടക്ക് പ്രദേശത്ത് നടന്ന ഭൂമി കൈമാറ്റരേഖകള്‍ പരിശോധിച്ച് വില നിശ്ചയിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്തുമെന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ജനപ്രതിനിധികളുമായി റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.എന്നാല്‍ വിമാത്താവളത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നാട്ടുകാര്‍.
നിലവിലുള്ള റണ്‍വേ നീളം വര്‍ധിപ്പിക്കാതെ തന്നെ വിമാനത്താവളം സുഗമമായി പ്രവര്‍ത്തിക്കാനാവുമെന്നാണ് ഇവരുടെ വാദം.നിലവില്‍ വിമാനത്താവള അതോറിറ്റിയുടെ കൈവശം ആവശ്യത്തിലധികം സ്ഥലമുണ്ട്. ഇത് റണ്‍വേ വികനസനത്തിനായി ഉപയോഗിക്കാമെന്നും സമര സമിതി നേതാക്കള്‍ പറയുന്നു. കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 26ന് കരിപ്പൂരിലെ ലാന്റ് അക്വിസിഷന്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.