വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ്; പൊലീസിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
|മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് നടപടി.
വഞ്ചിയൂര്‍ കോടതിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അകാരണമായി കേസെടുത്ത സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഉന്നതതല അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദേശം.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കോടതിമുറിയില്‍ റിപ്പോര്ട്ടിംഗിലായിരുന്നപ്പോഴാണ് അക്രമമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. ജോലിയിലേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അകാരണമായാണ് കേസെടുത്തതെന്നും കമ്മീഷന് വ്യക്തമാക്കി. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളായ അഭിഭാഷകര്‍ക്ക് സ്റ്റേഷന് ജാമ്യം നല്കിയ ശേഷമാണ് അഭിഭാഷകര്‍ മാധ്യമപ്രപവര്ത്തകര്ക്കെതിരെ പരാതി നല്‍കിയത്.