പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് രതീഷിന് നാടിന്റെ യാത്രാമൊഴി
|ജമ്മു കാശ്മീരിലെ പാംപോറില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു
ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ജവാന് രതീഷിന് നാടിന്റെ യാത്രാമൊഴി. ഉച്ചയോടെ മട്ടന്നൂര്‍ കോടേളിപ്രത്തെത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
രാവിലെ 9.30 ഓടെ വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച രതീഷിന്റെ ഭൌതികശരീരം സൈനിക മേധാവികളും ജില്ലാഭരണകൂടവും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോടെ മൃതദേഹം സ്വദേശമായ മട്ടന്നൂര്‍ കോടോളിപ്രത്ത് എത്തിച്ചു. രാവിലെ മുതല്‍ തന്നെ അന്ത്യോപചാരമര്‍പ്പിക്കാനായി ആയിരങ്ങളായിരുന്നു ജന്മനാട്ടില് കാത്ത് നിന്നിരുന്നത്. മന്ത്രി കടന്നപ്പളളി രാമചന്ദ്രന്, പി.കെ ശ്രീമതി എം.പി, ഇ.പി ജയരാജന് എം.എല്‍.എ, കലക്ടര്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട നിരവധി പേര് രതീഷിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മൂന്നുമണിയോടെ രതീഷിന്റെ ഭൌതീക ശരീരം പ്രിയപ്പെട്ടവര്‍ക്ക് അന്ത്യയാത്ര പറയാനായി വീട്ടിലേക്ക്. പണിതീരാത്ത വീട്ടില്‍ അവസാനമായി എത്തിച്ച ശേഷം മൃതദേഹം സമ്പൂര്‍ണ സൈനീക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്ന് വീടിനു സമീപം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തിലും നിരവധി പേര് പങ്കെടുത്തു.
മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ റഷീദാണ് കരിപ്പൂരില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് 10 മിനിറ്റ് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിച്ചു. മിലിട്ടറി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം റോഡ് മാര്‍ഗ്ഗം ജന്മനാട്ടിലേക്കെത്തിച്ചത്. രാവിലെ 11 മണിക്ക് മട്ടന്നൂരില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൃതദേഹം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഉപേക്ഷിച്ചു.
ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്. ഉന്നത സൈനികോദ്യോഗസ്ഥന് എത്താത്തതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുളള വഴി മധ്യേ അരമണിക്കൂര്‍ മൃതദേഹവുമായി വന്ന വാഹനം നിര്‍ത്തിയിട്ടതായാണ് പരാതി. ഇതിനെതിരെ പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. ആദരസൂചകമായി പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.