റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടത്തിയ അദാലത്തുകള്‍ പ്രഹസനമായി
|കാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ആരെ സമീപിക്കും എന്നറിയാതെ നിരവധി പേര് നട്ടം തിരിയുകയാണ്
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ അദാലത്തുകളും പരാതി പരിഹാര ശ്രമങ്ങളും പലയിടത്തും പ്രഹസനമായി. പുതുതയായി വിതരണം ചെയ്ത കാര്‍ഡുകളില്‍ നിരവധി തെറ്റുകള്‍. ആലപ്പുഴയില്‍ ഭാര്യ ഹൃദ്രോഗിയും ഭര്‍ത്താവ് ആസ്ത്മ രോഗിയുമായ, കാര്യമായ വരുമാനമില്ലാത്ത കുടുംബത്തിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന വിഭാഗക്കാര്‍ക്ക് നല്കുന്ന കാര്‍ഡ്. കാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനി ആരെ സമീപിക്കും എന്നറിയാതെ നിരവധി പേര് നട്ടം തിരിയുകയാണ്.
ആലപ്പുഴ ചാത്തനാട് പൂന്തോപ്പ് വാര്‍ഡിലെ പൂരാവളപ്പില് വീട്ടില്‍ താമസിക്കുന്ന അബ്ദുസമദിന് കടുത്ത ആസ്ത്മ രോഗമാണ്. ഭാര്യ ജാസ്മിന് ഇടയ്ക്കിടെ വലിയ തുക ചെലവാക്കി ചികിത്സ നടത്തേണ്ട ഹൃദ്രോഗവും. കയര്‍ഫെഡില്‍ ചുമട്ട് തൊഴിലാളിയായിരുന്ന അബ്ദുസമദിന് പി എഫില്‍ നിന്ന് മാസാമാസം ലഭിക്കുന്ന 1900 രൂപമാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. രണ്ടു പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. സ്വന്തമായി വീടില്ല. വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ പലതവണ മാറി ഇപ്പോള്‍ ഇരുപതാമത്തെ വീട്ടിലാണ് താമസിക്കുന്നത്. അതു തന്നെ മക്കള്‍ എടുത്തു കൊടുത്തതാണ്. ഇക്കാര്യങ്ങളെല്ലാം കാണിച്ച് സപ്ലൈ ഓഫീസിലും പരാതി പരിഹാര അദാലത്തിലുമെല്ലാം അപേക്ഷ കൊടുത്തെങ്കിലും കാര്‍ഡ് വിതരണം നടന്നപ്പോള്‍ ലഭിച്ചത് ഒരു മുന്‍ഗണനയുമില്ലാത്ത ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നല്കുന്ന വെള്ള നിറത്തിലുള്ള കാര്‍ഡ്
കൂലി തൊഴിലാളിയായിരുന്ന കാലത്ത് ലഭിച്ച പഴയ കാര്‍ഡും എ പി എല്‍ വിഭാഗത്തില്പ്പെട്ടതായിരുന്നുവെങ്കിലും അതില്‍ പിന്നീട് രണ്ടു രൂപയ്ക്ക് അരി ലഭിക്കാനും ചികിത്സായിളവുകള് ലഭിക്കാനുമുള്ള സീലുകള്‍ പതിച്ചു നല്‍കിയിരുന്നു. ഇത് ഇടയ്ക്കിടെ ചികിത്സ ആവശ്യമായിവരുന്ന അബ്ദുസമദിനും ജാസ്മിനും വലിയ ആശ്വാസവുമായിരുന്നു. ഈ ആനുകൂല്യങ്ങളൊന്നും ഇല്ലാത്തതാണ് പുതിയ കാര്‍ഡ്.