കോട്ടകമ്പൂരിലെ പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്സ് ജോര്‍ജ്ജ് എംപി കലക്ടര്‍ക്ക് അപ്പീല്‍ നല്കി
|ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടര്‍ വിആര്‍ പ്രേംകുമാര്‍ കഴിഞ്ഞ ഒന്‍പതിന് റദ്ദാക്കിയത്
കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജോയ്സ് ജോര്‍ജ് എംപി കലക്ടര്‍ക്ക് അപ്പീല്‍ നല്കി. ദേവികുളം സബ് കലക്ടറുടെ നടപടി തെറ്റാണെന്നും 1971ന് മുമ്പ് ഭൂമി ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന വാദം തെറ്റാണെന്നും കാട്ടിയാണ് അപ്പീല്‍. അപ്പീല്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടര്‍ വിആര്‍ പ്രേംകുമാര്‍ കഴിഞ്ഞ ഒന്‍പതിന് റദ്ദാക്കിയത്. അപ്പീല്‍ നല്‍കാനുള്ള കാലാവധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജോയ്സ് ജോര്‍ജ് അഭിഭാഷകന് മുഖാന്തരം അപ്പീല്‍ നല്‍കിയത്. ബ്ലോക്ക് 58ലെ ഈ ഭൂമി സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന്
ലാന്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ദേവികുളം സബ് കലക്ടര്‍ നടപടി സ്വീകരിച്ചത്.
പട്ടയം റദ്ദാക്കിയ നടപടി സാങ്കേതികമായും നിയമപരമായും നിലനില്‍ക്കുന്നതല്ലെന്നാണ് ജോയ്സ് ജോര്‍ജ് എംപിയുടെ വാദം. തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടിയെന്നും അപ്പീലില്‍ ജോയ്സ് ജോര്‍ജ് പറയുന്നു. 1971ന് മുമ്പ് കൊട്ടക്കമ്പൂരില്‍ ആര്‍ക്കും ഭൂമിയില്ലെന്നാണ് സബ് കലക്ടറുടെ കണ്ടെത്തല്‍ എന്നാല്‍ 1959 മുതല്‍ ആളുകള്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും ജോയ്സ് ജോര്‍ജ് അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ചെന്നും തുടര്‍നടപടികള്‍ അപ്പീല്‍ പരിശോധിച്ച ശേഷം നടത്തുമെന്നും ജില്ലാ കലക്ടര്‍ ജി ആര് ഗോകുല്‍ വ്യക്തമാക്കി. ജോയ്സ് ജോര്‍ജിന്റേതുള്‍പ്പെടെയുള്ള മൂന്നാറിലെ കയ്യേറ്റങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഉടുമ്പന്‍ചോല കരുണാപുരം സ്വദേശി മുകേഷ് നല്കിയ ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.