വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ മത്സ്യഫെഡിന്റെ മണ്ണെണ്ണ വിതരണ കേന്ദ്രം പൂട്ടിച്ചു
|മൂന്ന് മാസമായി മണ്ണെണ്ണ സബ്സിഡി മുടങ്ങിയതിനാല്‍ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്‍.
മണ്ണെണ്ണ സബ്സിഡി കുടിശ്ശികയായതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ മത്സ്യഫെഡിന്‍റെ എണ്ണ വിതരണ കേന്ദ്രം പൂട്ടിച്ചു. മൂന്ന് മാസമായി സബ്സിഡി മുടങ്ങിയതിനാല്‍ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്‍. രണ്ട് ദിവസത്തിനകം കുടിശ്ശിക തീര്‍ക്കുമെന്ന് മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു.
മണ്ണെണ്ണ ലിറ്ററിന് 69 രൂപ 24 പൈസയാണ് പൊതുവിപണിയിലെ വില. ഈ വില നല്‍കി മത്സ്യഫെഡില്‍ നിന്ന് മണ്ണെണ്ണ വാങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ വീതം സബ്സിഡി അക്കൌണ്ടില്‍ നിക്ഷേപിക്കും. പെര്‍മിറ്റിന് 140 ലിറ്റര്‍ വരെ മണ്ണെണ്ണ വാങ്ങുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സബ്സിഡിയിനത്തില്‍ കിട്ടണം. പക്ഷെ മൂന്ന് മാസമായി ഈ സബ്സിഡി കിട്ടുന്നില്ല.
പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെയാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യഫെഡിന്റെ മണ്ണെണ്ണ വിതരണ കേന്ദ്രം ഉപരോധിക്കുകയും തൃപ്തികരമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ താഴിട്ടുപൂട്ടുകയും ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സബ്സിഡി കുടിശ്ശികയായതെന്നും രണ്ട് ദിവസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞെന്നും മത്സ്യഫെഡ് അധികൃതര്‍ പറയുന്നു.