Kerala
നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങുംനിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും
Kerala

നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും

admin
|
15 April 2018 12:37 PM GMT

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.12ന് ബജറ്റ് അവതരണം നടക്കും.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.12ന് ബജറ്റ് അവതരണം നടക്കും. സോളാര്‍, ബാര്‍ കോഴ കേസുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം സഭനടപടികള്‍ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.

സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളാല്‍ നട്ടം തിരിയുന്ന സര്‍ക്കാറും മന്ത്രിമാരും. ആരോപണങ്ങള്‍ ആയുധമാക്കി ആഞ്ഞടിക്കാനൊരുങ്ങുന്ന പ്രതിപക്ഷം.13ാം നിയമസഭയുടെ 16ാം സമ്മേളനം കലുഷിതമാകാനുളള രാഷ്ട്രീയ കാലാവസ്ഥ സഭക്ക് പുറത്ത് നേരത്തെ തന്നെ തയ്യാറായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സര്‍ക്കാറിന്‍റെ നയപ്രഖ്യാപനമോ ബജറ്റവതരണമോ ആയിരിക്കില്ല നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ശ്രദ്ധാകേന്ദ്രം. ആരോപണ പ്രത്യാരോപണങ്ങളാല്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ മുന്നിട്ടിറങ്ങിയാല്‍ സഭാ സമ്മേളന കാലയളവ് പൂര്‍ണ്ണമായും പ്രക്ഷുബ്ധമാകാനാണ് എല്ലാ സാധ്യതയും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുക. 12ന് ബജറ്റ് അവതരണം നടക്കും. ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്ക് ധനമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഈ സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്.

കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധത്താല്‍ കഴിഞ്ഞ ബജറ്റ് സമ്മേളനം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. അന്നത്തേക്കാള്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുളളത്. കെ എം മാണിക്കെതിരെ മാത്രമായിരുന്നു അന്ന് ആരോപണമെങ്കില്‍ ഇന്ന് മുഖ്യമന്ത്രിയടക്കം 5 മന്ത്രിമാര്‍ പ്രതികൂട്ടിലാണ്. ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷം ഇതിനകം ഗവര്‍ണ്ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്നും പ്രതിപക്ഷ ആവശ്യമാണ്. ഇത് രണ്ടും സര്‍ക്കാര്‍ പരിഗണിക്കില്ലെന്നിരിക്കെ തുടക്കം മുതല്‍ പ്രതിഷേധത്തിലേക്കായിരിക്കും പ്രതിപക്ഷം പോവുക. സോളാര്‍ കേസില്‍ തുടരുന്ന വെളിപ്പെടുത്തലും ബാര്‍ കേസില്‍ വരാനിരിക്കുന്ന കോടതി വിധികളും സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം ഏറ്റുന്നതാണ്. പ്രതിരോധത്തിനായി ലാവ് ലിന്‍ കേസും കതിരൂര്‍ മനോജ് വധവും ഭരണപക്ഷം ഉന്നയിക്കുമെങ്കിലും അതെത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിവരും. നാളെ മുതല്‍ 25 വരെയാണ് നിയമസഭ ചേരുന്നത്.

Similar Posts