Kerala
സ്വാശ്രയ മാനേജ്മെന്‍റുകള്‍ നടത്തിയ മെഡിക്കല്‍ കൌണ്‍സിലിങ് റദ്ദാക്കണമെന്ന് കേന്ദ്രംസ്വാശ്രയ മാനേജ്മെന്‍റുകള്‍ നടത്തിയ മെഡിക്കല്‍ കൌണ്‍സിലിങ് റദ്ദാക്കണമെന്ന് കേന്ദ്രം
Kerala

സ്വാശ്രയ മാനേജ്മെന്‍റുകള്‍ നടത്തിയ മെഡിക്കല്‍ കൌണ്‍സിലിങ് റദ്ദാക്കണമെന്ന് കേന്ദ്രം

Damodaran
|
16 April 2018 10:11 AM GMT

കേന്ദ്ര നിലപാടിനെതിരെ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ മെഡിക്കല്‍ പ്രവേശനത്തിന് നടത്തിയ കൌണ്‍സിലിംഗ് റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ഇതിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി തെറ്റാണ്. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത കൌണ്‍സിലിംഗ് സംവിധാനം കൊണ്ട് വരണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ പ്രവേശത്തിനുള്ള കൌണ്‍സിലിംഗ് സംസ്ഥാന സര്‍ക്കാരുകള്‍ ഏകീകൃതമായി നടത്തണമെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ മുഴുവന്‍ സീറ്റുകളിലും കൌണ്‍സിലിംഗ് നടത്തുമെന്നറിയിച്ച് ഉത്തരവിറക്കുകയും ചെയ്തു. മാനേജ്മെന്‍റുകള്‍ നല്‍കിയ അപ്പീലില്‍ ഉത്തരവ് റദ്ദാക്കി, അമ്പത് ശതമാനം സീറ്റുകളില്‍ മാനേജ്മെന്‍റുകള്‍ക്ക് കൌണ്‍സിലിംഗ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഈ ഉത്തരവ് തെറ്റാണെന്നും, മാനേജ്മെന്‍റുകള്‍ നടത്തിയ പ്രവേശന കൌണ്‍സിലിംഗ് റദ്ദാക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും ഇത്തരത്തില്‍ നടത്തിയ കൌണ്‍സിലിംഗ് റദ്ദാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൌണ്‍സിലിംഗ് കൊണ്ട് വരണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് ഇതിന് അനുമതി നല്‍കരുത്. ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ പ്രവേശന നടപടികള്‍ പൂത്തിയാക്കുന്നതിന് നിശ്ചയിച്ച കാലപരിധി നീട്ടണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. തിങ്കളാഴ്ച വിഷയത്തില്‍ സുപ്രിം കോടതി അന്തിമ തീരുമാനം എടുക്കും.

കേന്ദ്ര നിലപാടിനെതിരെ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍
മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത കൌണ്‍സിലിങ് വേണമെന്ന കേന്ദ്ര നിലപാടിനെതിരെ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ രംഗത്ത്. കേന്ദ്രനിലപാടിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍പ്പ് അറിയിക്കും. തിങ്കളാഴ്ച ഹരജി പരിഗണിക്കുമ്പോള്‍ മാനേജ്മെന്‍റുകളെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഹാജരാകുമെന്നും മാനേജ്മെന്‍റുകള്‍ അറിയിച്ചു.

മധ്യപ്രദേശില്‍ ഏകീകൃത കൌണ്‍സിലിങ് ഇല്ലാതെ നടത്തിയ പ്രവേശ നടപടികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേരളത്തിലെ മെഡിക്കല്‍ പ്രവേശ നടപടികളും റദ്ദാക്കണമെന്ന് കാണിച്ച് കേന്ദ്രം കോടതിയെ സമീപിച്ചതോടെ തങ്കളാഴ്ച പുറപ്പെടുവിക്കുന്ന വിധി അതീവ നിര്‍ണായകമാവും. ഈ സാഹചര്യത്തിലാണ് കേന്ദ്രനിലപാടിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍പ്പ് അറിയിക്കാന്‍ കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയില്‍ അനുകൂല വിധി ലഭിക്കുമെന്നാണ് മാനേജ്മെന്‍റുകളുടെ കണക്കുകൂട്ടല്‍.

മധ്യപ്രദേശിന്‍റേത് പോലെയല്ല കേരളത്തിലെ സ്ഥിതിയെന്നാണ് മാനേജ്മെന്‍റുകളുടെ വാദം. മധ്യപ്രദേശില്‍ നീറ്റ് റാങ്ക് പട്ടിക ഒഴിവാക്കി മുഴുവന്‍ സീറ്റിലേക്കും മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്കാണ് പ്രവേശം നടത്തുന്നത്. അതേസമയം കേരളത്തില്‍ സുപ്രീംകോടതി വിധി അനുസരിച്ച് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശം നടത്തി വരുന്നത്. പ്രവേശത്തിന്‍റെ സുതാര്യത ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏകീകൃത കൌണ്‍സിലിങ് നടത്തണമെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നാണ് മാനേജ്മെന്‍റുകളുടെ വാദം.

Related Tags :
Similar Posts