Kerala
മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
Kerala

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

Subin
|
16 April 2018 8:00 PM GMT

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ത്ത ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്.

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിയ്ക്കും. തിരുവനന്തപുരം റെയ്ഞ്ചിന്റെ യോഗമാണ് ഇന്ന് നടക്കുന്നത്. പോലീസിംഗ് സംബന്ധിച്ച സര്‍ക്കാര്‍ നയം യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും.

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ത്ത ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പുറമെ തിരുവനന്തപുരം റെയ്ഞ്ചിലെ എസ് ഐമാര്‍ മുതല്‍ ഐജി, ദക്ഷിണമേഖ എഡിജിപി ഉള്‍പ്പെടെയുള്ള 280 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്ററില്‍ ഉച്ചക്ക് മൂന്നിനാണ് യോഗം. സര്‍ക്കാരിന്റെ പോലീസ്‌നയം യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കും. പോലീസ് പരാതികളെ സമീപിക്കുന്ന രീതി മുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി വരെ യോഗത്തില്‍ ചര്‍ച്ചയാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളിലും പീഡനക്കേസുകളിലും പോലീസിന് നേരത്തെ വീഴ്ച സംഭവിച്ച പശ്ചാത്തലം യോഗം പരിശോധിക്കും.

ചില കേസുകളില്‍ യുഎപിഎ പോലുള്ള സുപ്രധാന വകുപ്പുകള്‍ ചുമത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി ഡിജിപി തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് സൂചന. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെ പോലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് ഡിജിപിയും വിശദീകരണം നല്‍കിയേക്കും.

Similar Posts