ശശീന്ദ്രനെതിരായ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹരജി മാറ്റി
|ഡിസംബര്‍ 12ലേക്കാണ് തുടര്‍ നടപടികള്‍ മാറ്റിവച്ചത്. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ അന്വേഷണ മാനദണ്ഡം കോടതിയില്‍ സമര്‍പ്പിക്കാനും ഉത്തരവ്
മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണ മാനദണ്ഡം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും.
മുൻമന്ത്രി ശശീന്ദ്രനെതിരെ ക്രിമിനൽ കേസ് നല്‍കാനിടയാക്കിയ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത്ഒത്തുതീർപ്പാക്കിയ സാഹചര്യത്തില്‍ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ശശീന്ദ്രനെതിരായ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ മാനദണ്ഡം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു.
ഹരജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് മഹിളമോര്ച്ചയടക്കം നല്കിയ അപേക്ഷയും കോടതി ഡിസംബര്‍ 12 ന് പരിഗണിക്കും. കക്ഷിചേരുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ശശീന്ദ്രന് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാം. സിജെഎം കോടതിയില്‍ ശശീന്ദ്രനെതിരെ നല്കിയ പരാതി പിന്‍വലിക്കണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതോടെയാണ് മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചത്.
354 എ, 354 ഡി വകുപ്പുകള്‍ പ്രകാരം സ്ത്രീ പീഡനത്തിനാണ് മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസ് എടുത്തത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ 2015ലെ വിധി. കേസില്‍ നിന്ന് പരാതിക്കാരി പിന്മാറിയാലും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നാണ് വിധിയുടെ ഉള്ളടക്കം. ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം ഈ വിധിയുടെ പരിഗണനയില്‍ വരുമോ എന്ന കാര്യം ഹൈക്കോടതി പരിഗണിക്കും.
കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ തിരികെയെത്താന്‍ ശ്രമിക്കുന്ന എകെ ശശീന്ദ്രന് ഏറെ നിര്‍ണായകമാണ് ഹൈക്കോടതിയുടെ മുന്നിലുള്ള ഹരജി. കേസ് ഒത്തുതീര്പ്പാക്കിയിട്ടുണ്ടെങ്കിലും വിചാരണ തുടരണമെന്ന് ഹൈക്കോടതി നിലപാടെടുത്താല്‍ മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള ശശീന്ദ്രന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.