ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായി തുടരുന്നത് അംഗീകാരമില്ലാതെയെന്ന് പരാതി
|പ്രിന്‍സപ്പലായി ചുമതലയേറ്റ് മൂന്ന് മാസത്തിനകം സര്‍വകലാശാലയുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് ചട്ടം
ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പലായി തുടരുന്നത് അംഗീകാരമില്ലാതെയെന്ന് പരാതി. പ്രിന്‍സപ്പലായി ചുമതലയേറ്റ് മൂന്ന് മാസത്തിനകം സര്‍വകലാശാലയുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച ലക്ഷ്മി നായരെ സര്‍വകലാശാല പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ജോണ്‍സണന്‍ എബ്രഹാം വിസിക്ക് കത്ത് നല്‍കി.
അണ്‍ എയ്ഡഡ് കോളജുകളില്‍ അധ്യാപകനായോ പ്രിന്‍സിപ്പലായോ ചുമതലയേറ്റാല്‍ മൂന്ന് മാസത്തിനകം അംഗീകാരം നേടിയിരിക്കണമെന്നാണ് കേരള സര്‍വകലാശാല ചട്ട ഭേദഗതി 40 എ 3 പറയുന്നത്. ഇത് പ്രകാരമുള്ള അംഗീകാരം ലക്ഷ്മി നായര്‍ നേടിയില്ലെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നത്. അംഗീകാരമില്ലാതെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുന്നു ലക്ഷ്മി നായരെ ഈ വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലക്ക് തന്നെ പുറത്താക്കാം. ഇക്കാര്യം ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗവും കെപിസിസി ട്രഷററുമായി ജോണ്‍സണ്‍ എബ്രഹാം വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
വിഎസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോണ്‍സണ്‍ എബ്രഹാം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥി സമരം തുടരുന്ന ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിനെ മാറ്റാന്‍ സര്‍വകലാശാലക്കോ സര്‍ക്കാരിനോ കഴിയില്ലെന്ന നിലപാട് നിലനില്‍ക്കെയാണ് പുതിയ വാദം ഉയരുന്നത്. ഈ കത്തിന്‍റ അടിസ്ഥാനത്തില്‍ വിഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.