നിലമ്പൂര്‍ കെഎസ്ആര്‍ടിസിക്ക് മുന്നില്‍ സ്വകാര്യ ബസുടമയുടെ നിരാഹാരം
|തന്റെ ബസ്സിന് അനുവദിച്ച സമയം കൂടി കെഎസ്ആര്‍ടിസി കവരുന്നത് നിര്‍ത്തണമെന്നാണ് ഫിഷറിന്റെ ആവശ്യം...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നുവെന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. എന്നാല്‍ നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമ ഫിഷറിന്റെ പരാതി മറിച്ചാണ്. തന്റെ ബസ്സിന് അനുവദിച്ച സമയം കൂടി കെഎസ്ആര്‍ടിസി കവരുന്നത് നിര്‍ത്തണമെന്നാണ് ഫിഷറിന്റെ ആവശ്യം.
നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോക്ക് മൂന്നില്‍ മൂന്നു ദിവസമായി നിരാഹാര സമരത്തിലാണ് ഫിഷര്‍. ഫിഷറിന്റെ ബസ്സിനു മുന്നിലും പിന്നിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ മത്സരിച്ചോടുകയാണത്രേ. യാത്രക്കാരെല്ലാം കെഎസ്ആര്‍ടിസിയില്‍ കയറുന്നതിനാല്‍ തന്റെ ബസ്സ് നഷ്ടത്തിലായെന്നാണ് ഫിഷറിന്റെ പരാതി.
നിരാഹാരം അവഗണിച്ചാല്‍ ഭാര്യയെയും മക്കളെയും കൂടി സമര പന്തലില്‍ എത്തിക്കുമെന്നാണ് ഫിഷറിന്റെ ഭീഷണി. സമര പന്തലില്‍ കെഎസ്ആര്‍ടിസിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആലീസ് മാത്യു തന്നെ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ഫിഷറിന്റെ ആരോപണം നിലമ്പൂര്‍ ഡിപ്പോയുടെ ചുമതലയുള്ള അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ നിഷേധിച്ചു.