കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഗോഡൗണിനെതിരെ നടപടി
|മരട് നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഉല്‍പ്പന്നങ്ങള്‍ സീല്‍ ചെയ്
കൊച്ചിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളില്‍ തിയതി തിരുത്തി സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍പ്പന നടത്തുന്ന ഗോഡൗണിനെതിരെ നടപടി. മരട് നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഉല്‍പ്പന്നങ്ങള്‍ സീല്‍ ചെയ്തു. മരട് നഗരസഭ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
നഗരസഭ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മരട് എസ്എന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വാര്‍ എന്ന ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ഗോഡൗണില്‍ ഇന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഗോഡൗണ്‍ തുറന്ന് സാമ്പിളുകള്‍ ശേഖരിച്ചു. പഴകിയ ഭക്ഷ്യ ഉല്‍പ്പന്ന പായ്ക്കറ്റുകളില്‍ പുതിയ കാലാവധിയുടെ സ്റ്റിക്കര്‍ ഒട്ടിച്ച് വിപണിയില്‍ എത്തിക്കുന്നതായി റെയ്ഡില്‍ കണ്ടെത്തി. കുട്ടികള്‍ കഴിക്കുന്ന മിഠായിയും ചോക്കലേറ്റ്, പാലിനൊപ്പം കഴിക്കുന്ന മാള്‍ട്ടോവിറ്റ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍നിര കമ്പനികളുടെ മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും പുതിയ സ്റ്റിക്കര്‍ ഒട്ടിക്കുന്നവയിലുണ്ട്.
പ്രത്യേക ഭക്ഷ്യ സുരക്ഷാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഗോഡൗണില്‍ നിന്നും പഴകിയ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കും. പരിശോധനാ ഫലം ലഭിച്ച ശേഷം ഗോഡൗണ്‍ നടത്തിപ്പുകാരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കും. തമിഴ്‌നാട് സ്വദേശിയാണ് ഗോഡൗണിന്റെ ലൈസന്‍സ് നേടിയിരുന്നത്. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഉടന്‍ നഗരസഭ നശിപ്പിക്കും.