നഴ്‍സ് സമരം: കെവിഎം മാനേജ്മെന്റിന്റെ നടപടി നിയമവിരുദ്ധമെന്ന് വിവരാവകാശ രേഖ
|നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ വി എം ആശുപത്രി പൂട്ടിയിട്ട മാനേജ്മമെന്റിന്റെ നടപടി നിയമവിരുദ്ധമെന്ന് വിവരാവകാശ രേഖകള്‍. ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള നഴ്സസസ് ആന്‍ഡ് മിഡ് വൈവ്‌സ് കൌണ്‍സില്‍ നല്‍കിയ..
നഴ്സുമാരുടെ സമരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ വി എം ആശുപത്രി പൂട്ടിയിട്ട മാനേജ്മമെന്റിന്റെ നടപടി നിയമവിരുദ്ധമെന്ന് വിവരാവകാശ രേഖകള്‍. ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള നഴ്സസസ് ആന്‍ഡ് മിഡ് വൈവ്‌സ് കൌണ്‍സില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി ആശുപത്രി അടച്ചിട്ട് ഒന്നര മാസം പിന്നിട്ടിട്ടും മാനേജ്മെന്റിനെതിരെ ആരോഗ്യ വകുപ്പോ തൊഴില്‍ വകുപ്പോ നടപടിയെടുത്തില്ല. നൂറ്റിപ്പതിമൂന്നു ദിവസം പിന്നിട്ട നഴ്സുമാരുടെ സമരം തീര്‍ക്കാനും നടപടിയില്ല.
നഴ്സുമാരുടെ സമരം രണ്ടുമാസം പിന്നിട്ടപ്പോഴാണ് ചേര്‍ത്തല കെവിഎം ആശുപത്രി മാനേജ്മെന്റ് ഏകപക്ഷീയമായി ആശുപത്രി അടച്ചിടുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ നഴ്സിങ്ങ് കോളേജിന് അംഗീകാരം നേടിയെടുക്കാന്‍ രേഖകളില്‍ കാണിച്ചിട്ടുള്ള ആശുപത്രി അങ്ങനെ അടച്ചിടാനാവില്ലെന്നും അത് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നും അന്നു തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. ആശുപത്രി അടച്ച് ഒന്നരമാസം കഴിഞ്ഞെങ്കിലും നഴ്സിംഗ് കോളേജില്‍ പ്രായോഗിക പരിശീലനത്തിനുള്ള സൌകര്യമൊന്നുമില്ലാതെ ഇപ്പോഴും അദ്ധ്യയനം തുടരുകയാണ്. ഇങ്ങനെ ആശുപത്രി അടച്ചിടാനാവില്ലെന്നും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൌണ്‍സിലില്‍ നിന്ന് നഴ്സുമാര്‍ക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. ആശുപത്രി അടയ്ക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചിട്ടില്ലെന്ന് തൊഴില്‍ വകുപ്പില്‍ നിന്ന് ലഭിച്ച രേഖയും വ്യക്തമാക്കുന്നു.
ചേര്‍ത്തല മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് ലഭിച്ച രേഖയില്‍ പറയുന്നത് 100 കിടക്കകളുള്ള ആശുപത്രിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ്. നിയമപ്രകാരം 350 കിടക്കകളുള്ള ആശുപത്രിയുണ്ടെങ്കിലേ നഴ്സിങ്ങ് കോളേജിന് അംഗീകാരം ലഭിക്കൂ. അത്രയും കിടക്കകളുണ്ടെന്നാണ് വെബ്‌സൈറ്റിലും നേരത്തെ നഴ്സുമാര്‍ക്ക് നല്‍കിയിരുന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളിലും ആശുപത്രി മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നത്. ഇത്രയും വലിയ നിയമലംഘനങ്ങള്‍ നടന്നിട്ടും ഇക്കാര്യത്തില്‍ ഇടപെടാന്‍ ആരോഗ്യവകുപ്പോ തൊഴില്‍ വകുപ്പോ തദ്ദേശ സ്വയംഭരണ വകുപ്പോ തയ്യാറായിട്ടില്ല. 113 ദിവസം പിന്നിട്ട നഴ്സുമാരുടെ സമരത്തെയും ഇപ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല.