കെസിഎ പ്രസിഡന്റ് രാജിവെച്ചു
|ഇടുക്കി ജില്ലാ അസോസിയേഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.
കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബി വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ അസോസിയേഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. റോങ്ക്ളിന് ജോണിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതല കെസിഎ പ്രസിഡന്റായിരുന്ന ബി വിനോദാണ് വഹിച്ചിരുന്നത്. കെഎസിഎ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാറ ഘനനമടക്കമുള്ള കാര്യങ്ങളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ അന്വേഷണക്കമ്മീഷനെയും നിയോഗിച്ചിരുന്നു. ക്രമേക്കേട് ശരിവെക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബി വിനോദിന്റെ രാജി.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ സെക്രട്ടറി പദവി ബി വിനോദ് നേരത്തെ രാജിവെച്ചിരുന്നു. റോങ്ക്ളിന് ജോണിനെ പുതിയ പ്രസിഡന്റായി കൊച്ചിയില്‍ ചേര്‍ന്ന കെസിഎ യോഗം തിരഞ്ഞെടുത്തു.
ബി വിനോദ് കെസിഎ പ്രസിഡന്റായി ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാജി. സുപ്രീം കോടതി നിര്‍ദേശപ്രകാരം ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ അഴിച്ചുപണിയിലാണ് വിനോദ് ഉള്പെടെയുള്ളവര് നേതൃപദവിയിലെത്തിയത്.