ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് മലബാര്‍
|ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ- ആരോഗ്യ- ഗതാഗത മേഖലകളില്‍ അടിസ്ഥാന സൌകര്യങ്ങളില്ലാത്ത പ്രദേശമാണ് മലബാര്‍. ഇതു പരിഹരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബജറ്റില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലബാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനം, പ്രവാസി പുനരധിവാസ പദ്ധതികള്‍ തുടങ്ങിയവയും ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് മലബാറിന്റെ പ്രതീക്ഷ. മലബാറിന്റെ വികസന പിന്നാക്കാവസ്ഥയെക്കുറിച്ച് ഈ സര്‍ക്കാരിന് വേണ്ടത്ര ബോധ്യമുണ്ടെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ- ആരോഗ്യ- ഗതാഗത മേഖലകളില്‍ അടിസ്ഥാന സൌകര്യങ്ങളില്ലാത്ത പ്രദേശമാണ് മലബാര്‍. ഇതു പരിഹരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നാളികേരാധിഷ്ഠിത വ്യവസായത്തിന് വലിയ സാധ്യത മലബാറിലുണ്ട്. നേരത്തെ പ്രഖ്യാപിച്ച കുറ്റ്യാടി നാളികേര പാര്‍ക്കിന് 115 ഏക്കര്‍ ഏറ്റെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പാലക്കാട്ടെ കാര്‍ഷിക മേഖലയ്ക്കും ഇരുമ്പുരുക്ക് വ്യവസായത്തിനും വേണ്ട പിന്തുണ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
തകര്‍ച്ച നേരിടുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ് അത്യാവശ്യമാണ്. വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ മതിയായ ഫണ്ട് വകയിരുത്തേണ്ടതുണ്ട്. ഗള്‍ഫ് പ്രവാസികള്‍ക്കുള്ള പുനരധിവാസം പദ്ധതി, പ്രവാസികള്‍ക്കായി ബാങ്ക്, വായ്പാ പദ്ധതികള്‍ എന്നിവയും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
കോഴിക്കോട് ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തണം. ബേപ്പൂര്‍, കൊയിലാണ്ടി, അഴീക്കോട് തുറമുഖങ്ങളുടെ വികസനവും പ്രധാനപ്പെട്ട ആവശ്യങ്ങളാണ്.