ധര്‍മജനെയും ദിലീപിന്റെ സഹോദരനെയും പൊലീസ് ചോദ്യം ചെയ്തു
|ഹാസ്യനടന്‍ ധര്‍മജനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനിടെ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും..
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും നടനുമായ ധർമജൻ ബോൾഗാട്ടിയെയും ദിലീപിന്റെ സഹോദരൻ അനൂപിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതു വരെ ലഭിച്ച തെളിവുകളിൽ വ്യക്തത വരുത്തുന്നതിനായി കൂടുതൽ പേരെ വിളിച്ചു വരുത്താനാണ് അന്വഷണ സംഘത്തിന്റെ നീക്കം.
കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിക്ക് ദിലീപുമായുള്ള ബന്ധം തെളിയിക്കുന്ന ചില രേഖകൾ നേരത്തേ ലഭിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കൂടുതൽ പേരിലേക്ക് അന്വഷണം നീണ്ടത്. ദിലീപും പൾസർ സുനിയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടൻ ധർമജന്റെ മൊഴിയെടുത്തത്. ദിലീപിന്റെ സിനിമാബന്ധിത പരിപാടികളുടെ കൂടി ഭാഗമായ ധർമജനിൽ നിന്നും ലൊക്കേഷൻ വിവരങ്ങളടക്കമാണ് പൊലീസ് ചോദിച്ചറിഞ്ഞത്. ഒരു പരിപാടിക്കിടെ പള്‍സര്‍ സുനിക്കൊപ്പം നിന്നെടുത്ത ചിത്രം ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തനിക്ക് പള്‍സര്‍ സുനിയെ പരിചയമില്ലെന്നും കലാകാരനായതു കൊണ്ട് തന്നെ ഈ ഫോട്ടോ സ്വാഭാവികമായുള്ളതാണെന്നും അതില്‍ അപാകതകളൊന്നുമില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നവരെയെല്ലാം എങ്ങനെ പരിചയമുണ്ടാകുമെന്നും ധര്‍മജന്‍ ചോദിച്ചു.
ദിലീപിന്റെ വിവിധ സംരംഭങ്ങളുടെ ചുമതലയുള്ള സഹോദരന്‍ അനൂപിൽ നിന്ന് താരത്തിന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്. ഇതിലൂടെ സംഭവത്തിൽ ബിസിനസ് പ്രശ്നങ്ങളും കാരണമാണെന്ന അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു.
പൊലീസിന് ലഭിക്കുന്ന വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൻ സിനിമാ മേഖലയിൽ നിന്നടക്കമുള്ളവരുടെ മൊഴിയെടുക്കൽ ഇനിയും തുടരും.